എല്‍ഡിഎഫും യുഡിഎഫും ഒപ്പം കുതിയ്ക്കുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നപ്പോള്‍ തുടക്കത്തില്‍ പതറിയ യുഡിഎഫ് എല്‍ഡിഎഫിനൊപ്പമെത്തിയെന്ന് റിപ്പോര്‍ട്ട്. പടലപ്പിണക്കങ്ങള്‍ കൊണ്ട് തളര്‍ന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അഭിപ്രായഭിന്നത ഏറെക്കുറെ പരിഹരിച്ച് മുന്നേറുകയാണെന്ന് വിലയിരുത്തപ്പെടുന്നു.
പത്രിക പിന്‍വലിയ്ക്കാനുള്ള ദിവസം കഴിഞ്ഞപ്പോള്‍ വിമതരായി യുഡിഎഫില്‍ നാലു വിമതര്‍ മാത്രമാണ് അവശേഷിച്ചത്. ചെറിയാന്‍ ഫിലിപ്പ് അടക്കമുള്ള ഈ നാലുപേരെയും യുഡിഎഫ് പുറത്താക്കിക്കഴിഞ്ഞു. കേരളത്തിന്റെ പ്രബല സമുദായസംഘടനയായ എന്‍എസ്എസ് യുഡിഎഫിനെതിരായി നിലപാടെടുക്കാത്തത് യുഡിഎഫിന് വലിയ ആശ്വാസമായി. സ്ഥാനാര്‍ത്ഥികളുടെ കഴിവുനോക്കി വോട്ടുചെയ്യും എന്നതാണ് എന്‍എസ് എസ് ഒടുവിലെടുത്ത തീരുമാനം. നേരത്തെ എന്‍എസ്എസ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു. എസ്എന്‍ഡിപിയുടെയും ധീവരസമുദായത്തിന്റെയും പിഡിപിയുടെയും അനുകൂല നിലപാടും യുഡിഎഫിന് ആത്മധൈര്യം പകരുന്നവയാണ്.
എല്‍ഡിഎഫിന്റെ തലവേദന സിഐടിയു പക്ഷം
സിഐടിയു വിഭാഗമാണ് എല്‍ഡിഎഫിന് ഏറ്റവും വലിയ തലവേദന സൃഷ്ടിച്ചിരിയ്ക്കുന്നത്. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് സിഐടിയു പ്രബലശക്തി. ഈ ജില്ലകളില്‍ ആകെ 51 നിയമസഭാ സീറ്റുകളാണ് നിലവിലുള്ളത്. ഇതില്‍ കഴിഞ്ഞ തവണ 32 സീറ്റുകള്‍ ഇടതു മുന്നണി നേടിയിരുന്നു. നേരിയ ഭൂരിപക്ഷത്തിനാണ് ഇവിടെ പലയിടങ്ങളിലും എല്‍ ഡിഎഫ് ജയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിഐടിയു വിഭാഗത്തിന്റെ തീരുമാനത്തിന് വന്‍പ്രാധാന്യമുണ്ട്. അവര്‍ യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യാന്‍ തീരുമാനിച്ചാല്‍ ഈ ജില്ലകളില്‍ എല്‍ഡിഎഫിന്റെ നില പരുങ്ങലിലാകും.
ആദ്യ റൗണ്ടില്‍ ചിട്ടയായ കരുനീക്കങ്ങളിലൂടെ എല്‍ഡിഎഫിനായിരുന്നു ജയം. സ്ഥാനാര്‍ത്ഥികളെ അവര്‍ നേരത്തെ തീരുമാനിച്ചു. പ്രായമേറിയവര്‍ മാറിനിന്ന് യുവാക്കള്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍തൂക്കവും നല്കി. പക്ഷെ ഐഎന്‍എല്ലിനെ മാറ്റിനിര്‍ത്തിയാല്‍ പ്രബലസമുദായസംഘടനകളില്‍ നിന്നും എല്‍ഡിഎഫിന് പിന്തുണ ലഭിച്ചില്ലെന്നതാണ് ഏറ്റവും വലിയ തിരിച്ചടിയായത്.
മദ്യനയവും ജനകീയാസൂത്രണവും ചെറുപ്പക്കാരായ സ്ഥാനാര്‍ത്ഥികളും തന്നെ ഇപ്പോഴും എല്‍ഡിഎഫിന് കൈമുതല്‍. കൂടെ ചെറിയാന്റെ കേരളം മുഴുവന്‍ ശ്രദ്ധ നേടുന്ന തരത്തിലുള്ള യുഡിഎഫ് ആക്രമണവും. വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള സ്ക്വാഡ് പ്രവര്‍ത്തനത്തില്‍ എല്‍ഡിഎഫ് കൂടുതല്‍ ശ്രദ്ധിയ്ക്കുന്നു. മാത്രവുമല്ല, കോണ്‍ഗ്രസില്‍ ഇനിയും ആറിത്തണുക്കാതെ കിടക്കുന്ന ഗ്രൂപ്പ് വൈരം മെയ് പത്ത് വ്യാഴാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിയ്ക്കുമെന്നും സിപിഎം പ്രതീക്ഷവച്ചു പുലര്‍ത്തുന്നു.












Click it and Unblock the Notifications