കോഴിക്കോട്ട് രാത്രി വിമാനമിറങ്ങുന്നില്ല
കോഴിക്കോട്: യാത്രക്കാരുടെ കൈയില്‍ നിന്നു കൂടി കാശ് പിരിച്ച് റണ്‍വേ പണി പൂര്‍ത്തിയാക്കി നൈറ്റ് ലാന്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടും കോഴിക്കോട്ട് വിമാനത്താവളത്തില്‍ രാത്രി വിമാനമിറങ്ങുന്നില്ല.
കോഴിക്കോട്ട് നൈറ്റ് ലാന്‍ഡിംഗ് അസാദ്ധ്യമാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് പ്രത്യേക രീതിയില്‍ വിളക്കുകള്‍ സ്ഥാപിക്കുകയായിരുന്നു. എന്നിട്ടും സാങ്കേതിക തടസങ്ങള്‍ അധികൃതര്‍ നിരത്തുന്നതിന് പിന്നില്‍ മുംബൈ ലോബിയും കേന്ദ്ര സര്‍ക്കാരുമാണെന്ന് ആരോപണമുണ്ട്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എച്ച്. എസ്. കോല ഏപ്രില്‍ 29 ഞായറാഴ്ച നൈറ്റ് ലാന്‍ഡിംഗ് സംവിധാനം പരിശോധിക്കാനെത്തുന്നുണ്ട്.
റണ്‍വേയുടെ നീളം 9377 അടിയാക്കി നീട്ടുകയും സമീപത്തുള്ള കുന്നുകളില്‍ വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്ത ശേഷം കോഴിക്കോട്ട് രാത്രി വിമാനമിറങ്ങുന്നതില്‍ തടസമില്ലെന്നായിരുന്നു ഡിജിസിഎ ഡയറക്ടര്‍ ജെ. എസ്. വസീര്‍ പരിശോധന നടത്തിയ ശേഷം പറഞ്ഞത്. എന്നാല്‍ ഇത് അത്ര സുരക്ഷിതമല്ലെന്ന് വസീര്‍ പറഞ്ഞതിന് പിന്നില്‍ മുംബൈ ലോബിയുടെ കളിയുണ്ടെന്നാണ് ആരോപണം.
രാത്രി വിമാനമിറക്കാനുള്ള അനുമതിയില്ലാത്തതിനാല്‍ വിമാനങ്ങളെല്ലാം ഇപ്പോള്‍ പകല്‍ സമയത്താണെത്തുന്നത്. മിക്ക വിമാനങ്ങളും അതിരാവിലെ എത്തുന്നത് യാത്രക്കാര്‍ക്കും അവരെ സ്വീകരിക്കാനെത്തുന്നവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
രാത്രി വിമാനമിറങ്ങാനുള്ള സൗകര്യം കിട്ടിയാല്‍ വിമാന കമ്പനികള്‍ കോഴിക്കോട്ടേക്ക് കൂടുതല്‍ സര്‍വീസ് നടത്തുകയും മുംബൈയില്‍ ഇറങ്ങി കോഴിക്കോട്ടെത്തുന്ന യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുമെന്നുള്ളതിനാലാണ് മുംബൈ ലോബി ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications