പെണ്ണുങ്ങള്‍ വേണ്ടേ വേണ്ട!
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുന്ന കാര്യത്തില്‍ ഇരുമുന്നണികളും ബിജെപിയും പിശുക്ക് കാട്ടിയിരിക്കുകയാണ്.
നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കണമെന്ന് ശക്തിയുക്തം വാദിക്കുന്ന കക്ഷികളടങ്ങിയ മുന്നണികളൊന്നും ആകെയുള്ള 140 സീറ്റുകളില്‍ 10 ശതമാനത്തിലധികം സ്ത്രീകള്‍ക്ക് നല്‍കിയിട്ടില്ല.
യുഡിഎഫ് ഒമ്പത് മണ്ഡലങ്ങളിലാണ് സ്ത്രീകളെ മത്സരിപ്പിക്കുന്നത്. എല്‍ഡിഎഫ് 15 മണ്ഡലങ്ങളിലും ബിജെപി 11 മണ്ഡലങ്ങളിലുമാണ് സ്ത്രീകളെ നിര്‍ത്തിയിരിക്കുന്നത്.
സ്ത്രീകളോട് അകലം പാലിക്കുന്നതില്‍ യുഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. മുന്നണിയിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസ് എട്ട് സീറ്റുകളാണ് സ്ത്രീകള്‍ക്കായി നീക്കിവച്ചത്. ഗൗരിയമ്മ അല്ലാതെ വേറെ നേതാവില്ലാത്തതിനാല്‍ ജെഎസ്എസ് വിജയിക്കാനിടയുള്ള ഏക സീറ്റായ അരൂരില്‍ ഗൗരിയമ്മ തന്നെ നില്‍ക്കുന്നു. യുഡിഎഫിലെ മറ്റ് ഘടകക്ഷികളൊന്നും വനിതകള്‍ക്ക് സീറ്റ് നല്‍കിയിട്ടില്ല.
വനിതകള്‍ക്ക് സീറ്റ് നല്‍കരുതെന്ന് മുസ്ലീം ലീഗിന് മുസ്ലീം തീവ്രവാദ സംഘടനകളുടെ ഭീഷണി പോലുമുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കുറ്റിപ്പുറത്ത് മത്സരിക്കുന്ന മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ത്രീവേദി പ്രചരണം നടത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ലൈംഗിക പീഡന കേസില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണിത്.
ഇതേ അവസ്ഥ കോവളത്ത് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നീലനും നേരിടുന്നുണ്ട്. നീലനെതിരെ മത്സരിക്കുന്നത് ഒരു വനിതയാണെന്നതും ഒരു പ്രത്യേകതയാണ്. കോണ്‍ഗ്രസിലെ അല്‍ഫോണ്‍സാ ജോണാണ് നീലനെതിരെ മത്സരിക്കുന്നത്.
സിപിഎം 10 സീറ്റുകളില്‍ വനിതകളെ നിര്‍ത്തിയിട്ടുണ്ട്. സിപിഐ രണ്ടിലും എന്‍സിപിയും കേരളാ കോണ്‍ഗ്രസ് ജെയും ആര്‍എസ്പിയും ഓരോ സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കുന്നു. കഴിഞ്ഞ നിയമസഭയിലാണ് ഏറ്റവും കൂടുതല്‍ വനിതകളുണ്ടായിരുന്നത്. ഒരു വനിതാ മന്ത്രിയടക്കം 12 പേരാണ് കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്നത്.












Click it and Unblock the Notifications