കേരളത്തിലെ ഞണ്ടുകള്‍ക്ക് പ്രിയമേറുന്നു
തിരുവനന്തപുരം: കേരളത്തിലെ ഞണ്ടുകള്‍ക്ക് വിദേശരാജ്യങ്ങളില്‍ പ്രിയമേറുകയാണ്. ചെമ്മീനൊപ്പം ഞണ്ടുകളുടെയും കയറ്റുമതിയില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്.
സിംഗപ്പൂര്‍, മലേഷ്യ, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കേരളത്തില്‍ നിന്നും ഞണ്ട് കയറ്റുമതി തുടങ്ങിയിരിക്കുന്നത്. കാസര്‍കോട്ടും കണ്ണൂരും ഇപ്പോള്‍ ഞണ്ട് പിടുത്തത്തിന്റെ സീസണാണ്. റിംഗ് പോലെയുള്ള പ്രത്യേക വലയുപയോഗിച്ചാണ് പുഴകളില്‍ നിന്നും ഞണ്ടുകളെ വലയിലാക്കുന്നത്. എല്ലാ തരം ഞണ്ടിനും വിദേശ ചന്തയില്‍ മാര്‍ക്കറ്റില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
കണ്ണൂര്‍ ജില്ലയിലെ പട്ടുവം, ഏഴോം, പഴയങ്ങാടി പഞ്ചായത്തുകളാണ് ഞണ്ടുകൃഷിയുടെ വിളനിലങ്ങള്‍. ഏകദേശം 100 കുടുംബങ്ങളെങ്കിലും ഞണ്ടുകൃഷിയെ ആശ്രയിച്ചു കഴിയുന്നുണ്ട്. 250 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഞണ്ടുകളെ മാത്രമേ കയറ്റി അയക്കാറുള്ളു. രണ്ട് കിലോ വരെ ഭാരമുള്ള ഞണ്ടുകളെ കിട്ടിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു.
കേരളത്തില്‍ നിന്നും ചെന്നൈയിലേക്ക് കൊണ്ടുപോയ ശേഷം അവിടെ നിന്നാണ് ഞണ്ടുകളെ വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്. കേരളത്തില്‍ അര കിലോയ്ക്ക് 250 രൂപ മാത്രം വിലയുള്ളപ്പോള്‍ വിദേശ മാര്‍ക്കറ്റില്‍ ഞണ്ടിന്റെ വില അര കിലോയ്ക്ക് 2, 000 രൂപ വരെയാണ്.
ഞണ്ടുകളെ വളര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് ഫിഷറീസ് സെക്രട്ടറി എന്‍. വി. മാധവന്‍ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് ഞണ്ടുകളുടെ മാംസഭാഗം മാത്രം വേര്‍തിരിച്ചെടുക്കാനുള്ള സാങ്കേതികവിദ്യയും കയറ്റുമതി കമ്പനികള്‍ക്കുണ്ടെന്ന് മാധവന്‍ പറഞ്ഞു.












Click it and Unblock the Notifications