തൃശൂര്‍ പൂരം: ഇന്ന് സാമ്പിള്‍ വെടിക്കെട്ട്
തൃശൂര്‍: പൂരംനാളിലെ വെടിക്കെട്ടിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഏപ്രില്‍ 30 തിങ്കളാഴ്ച വൈകുന്നേരം ഏഴിന് തുടങ്ങും. മെയ് രണ്ട് ബുധനാഴ്ച നടക്കുന്ന പൂരംവെടിക്കെട്ടിലെ ചില ഇനങ്ങള്‍ സാമ്പിള്‍ വെടിക്കെട്ടില്‍ കാണാം.
പൂരം വെടിക്കെട്ടിന്റെ അതേ വീറും വാശിയും സാമ്പിളിലും കാണാം. തേക്കിന്‍കാട് മൈതാനിക്ക് ചുറ്റും തിങ്ങിനിറയുന്ന തൃശൂര്‍ക്കാരും പരദേശികളുമായ പുരുഷാരവും രണ്ടു ചേരികളായി തിരിഞ്ഞ് ആര്‍പ്പുവിളിക്കും. തിരുവമ്പാടിയും പാറമേക്കാവും തമ്മിലുള്ള ബലപരീക്ഷണത്തിന്റെ തുടക്കം കൂടിയാണ് സാമ്പിള്‍ വെടിക്കെട്ടെന്ന് പറയാം. ഇതോടെ പൂരത്തിന്റെ മത്സരം തുടങ്ങുകയായി.
പാറമേക്കാവ് വിഭാഗമാണ് സാമ്പിള്‍ വെടിക്കെട്ടിന് തുടക്കം കുറിക്കുക. തുടര്‍ന്ന് തിരുവമ്പാടി വിഭാഗത്തിന്റെ ഊഴം. ശബ്ദഘോഷത്തേക്കാള്‍ നിറങ്ങള്‍ക്കാണ് സാമ്പിള്‍ വെടിക്കെട്ടില്‍ ഇരുപക്ഷവും ശ്രദ്ധയൂന്നിയിരിക്കുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ മാനത്ത് പൊട്ടിവിരിയുന്ന അമിട്ടായ വൈടു പി ആണ് പാറമേക്കാവിന്റെ ശേഖരത്തിലെ ഒരു പ്രധാന ഇനം. ഇതിനു പകരമായി തിരുവമ്പാടി വിഭാഗം വൈടു ടി എന്ന അമിട്ട് ഒരുക്കിയിരിക്കുന്നു.
പാറമേക്കാവിന് വേണ്ടി നവാഗതനായ ചേലക്കര വെണ്ണൂര്‍ മാധവനാണ് വെടിക്കെട്ടിന്റെ ചുമതല. തിരുവമ്പാടിയ്ക്ക് കുണ്ടന്നൂര്‍ പന്തലക്കാട് സുന്ദരന്‍ വെടിക്കെട്ടിന്റെ ചുക്കാന്‍ പിടിക്കുന്നു. പൂരത്തിന് ഇരുവിഭാഗവും എഴുന്നള്ളിയ്ക്കുന്ന ആനകളുടെയും വാദ്യമേളക്കാരുടെയും പേരുവിവരം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കും.












Click it and Unblock the Notifications