ദേശീയ ലിഗില്‍ ഇന്ന് കിരീട പോരാട്ടങ്ങള്‍
തിരുവനന്തപുരം: ദേശീയ ഫുട്ബോള്‍ ലീഗിലെ അവസാന മത്സരങ്ങള്‍ ഏപ്രില്‍ 30 തിങ്കളാഴ്ച നടക്കുമ്പോള്‍ കിരീടപോരാട്ടങ്ങള് ഒന്നിലേറെ. കൊല്‍ക്കത്ത ടീമുകളായ ഈസ്റ് ബംഗാളും മോഹന്‍ബഗാനും ആണ് വ്യത്യസ്തവേദികളിലായി കിരീടപോരാട്ടത്തിനിറങ്ങുന്നത്. തിരുവനന്തപുരത്ത് ഈസ്റ് ബംഗാള്‍ എസ്ബിടിയെ നേരിടുമ്പോള്‍ ബാംഗ്ലൂരില്‍ മോഹന്ബഗാന് ഐടിഐയെ എതിരിടുന്നു.
പോയിന്റ് നിലയില്‍ ഇപ്പോള്‍ ഈസ്റ് ബംഗാളാണ് മുന്നില്‍. അവര്‍ക്ക് 21 കളികളില്‍ നിന്നായി 43 പോയിന്റുണ്ട്. അത്രയും കളികളില്‍ നിന്ന് 42 പോയിന്റുമായി മോഹന്ബഗാന് തൊട്ടുപിന്നിലും.
തിരുവനന്തപുരത്ത് എസ്ബിടിയെ തോല്പിക്കുകയാണെങ്കില് ഈസ്റ് ബംഗാളിന് കിരീടം ഉറപ്പാകും. എന്നാല്‍ സമനിലയോ തോല്‍വിയോ വന്നുപെടുകയാണങ്കില് ആദ്യമായി ദേശീയ ലീഗ് കിരീടം സ്വന്തമാക്കുകയെന്ന് ഈസ്റ് ബംഗാളിന്റെ മോഹം അവസാനിച്ചേക്കും. എസ്ബിടിക്കും ലീഗിലെ അവസാനത്തെ മത്സരമാണ്. 21 കളികളില്‍ നിന്ന് വെറും 20 പോയിന്റുകള്‍ മാത്രമുള്ള അവര്‍ക്കും ഈ മത്സരം ജയിച്ചേ പറ്റൂ. തോറ്റാല്‍ അടുത്ത വര്‍ഷം അവര്‍ ബി ഡിവിഷന് ലീഗിലേക്ക് തരം താഴ്ത്തപ്പെടും.
മോഹന്ബഗാനാകട്ടെ കിരീടത്തിലേക്കുള്ള വഴി ഈസ്റ് ബംഗാളിനെ അപേക്ഷിച്ച് കടുത്തതാണ്. ഐടിയോട് ജയിച്ചാല്‍ മാത്രം അവര്‍ക്ക് കിരീടം നിലനിര്‍ത്താനാവുകയില്ല. എസ്ബിടിയോട് ഈസ്റ് ബംഗാള്‍ സമനില വഴങ്ങുകയോ തോല്‍ക്കുകയോ വേണം. എന്തായാലും തങ്ങളുടെ കാരണം കൊണ്ട് കിരീടം നഷ്ടപ്പെടരുതെന്ന ആഗ്രഹത്തോടെയായിരിക്കും ബഗാന് ടീമംഗങ്ങള്‍ തിങ്കളാഴ്ച ബാംഗ്ലൂര്‍ ഗ്രൗണ്ടിലിറങ്ങുക.
21 കളികളില്‍ നിന്ന് 34 പോയിന്റുമായി മൂന്നാം സ്ഥാനത്തു നില്ക്കുന്ന എഫ്സി കൊച്ചിന്റെയും അവസാന മത്സരം തിങ്കളാഴ്ചയാണ്. മര്‍ഗോവയില്‍ നടക്കുന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിനെയാണ് അവര്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന എഫ്സിക്ക് ഇപ്രാവശ്യം മൂന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ ചര്‍ച്ചിലുമായി ഒരു സമനില മാത്രം മതി. തോറ്റല്‍ 36 പോയിന്റോടെ ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിക്കും.