കേരളത്തില്‍ സമാധാനം നശിച്ചു: സോണിയ
സുല്‍ത്താന്‍ ബത്തേരി: ഇടതുമുന്നണി ഭരണത്തില്‍ കേരളത്തിന്റെ സമാധാനം നശിച്ചുവെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സോണിയഗാന്ധി. എല്ലാ മേഖലകളിലും കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിരുന്നു.
വികസനത്തില്‍ മാത്രമല്ല കേരളം പിന്നിലായത്. സംസ്ഥാനത്ത് സമാധാനം നശിച്ചു. സാമ്പത്തിക വളര്‍ച്ച മുരടിച്ചു. തൊഴിലില്ലായ്മ വര്‍ധിച്ചു. കേരളത്തെ ഇതിലൊന്നും മാതൃകയാക്കാന്‍ പറ്റാതായി. ഇതിനെല്ലാം കാരണം ഇടതുമുന്നണി ഭരണമാണ്. കേരളത്തിന്റെ ഈ നാണക്കേടു മാറണം. അതിനു യുഡിഎഫ് ഭരണത്തില്‍ വരാന്‍ വോട്ടര്‍മാര്‍ മുന്‍കൈയ്യെടുക്കണമെന്ന് സോണിയാ ഗാന്ധി അഭ്യര്‍ത്ഥിച്ചു. വികസനത്തിലും സാമ്പത്തിക പുരോഗതിയിലും കേരളത്തെ മുന്നണിയിലെത്തിക്കുന്നതിനു വീണ്ടും യുഡിഎഫ് അധികാരത്തിലെത്തേണ്ടതുണ്ടെന്ന് സോണിയ പറഞ്ഞു.
ബത്തേരി സെയ്ന്റ് മേരീസ് കോളേജ് ഗ്രൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാര്‍ഷിക മേഖലയിലെ മാന്ദ്യവും തൊഴിലില്ലായ്മയും കേരളം നേരിടുന്ന മുഖ്യ പ്രശ്നങ്ങളാണ്. ഇവ പരിഹരിക്കുന്നതിനു യുഡിഎഫ് ഊന്നല്‍ നല്കും. കാര്‍ഷികമേഖലയില്‍ നവീന പദ്ധതികള്‍ നടപ്പാക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. യുഡിഎഫിന്റെ പ്രകടന പത്രികയിലുള്ള പൊള്ളയായ വാഗ്ദാനങ്ങളല്ല. അവ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് ഐക്യമുന്നണി-സോണിയ പറഞ്ഞു.
കാപ്പി കര്‍ഷകരുടെ വേദന എനിക്കറിയാം
രാജ്യത്ത് ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണം. പക്ഷെ പാവപ്പെട്ടവര്‍ക്ക് ക്ഷേമവും എത്തിക്കുന്ന കാര്യത്തില്‍ എപ്പോഴും കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മുന്നില്‍. കേരളത്തിലെ കാപ്പി കര്‍ഷകരുടെ വേദന എനിക്കറിയാം. തൊഴില്‍ രഹിതരുടെ കഷ്ടപ്പാടുകള്‍ മനസിനെ നൊമ്പരപ്പെടുത്തിയിട്ടുണ്ട്. അതിക്രമങ്ങള്‍ക്കിരയായ സ്ത്രീകളുടെയും കുട്ടികളുടെയും ദീനവിലാപങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. ഈ ദുസ്ഥിതി മാറണമെങ്കില്‍ യുഡിഎഫ് അധികാരത്തില്‍ വരണം.
നായനാര്‍ സര്‍ക്കാരിന്റെ അന്ത്യം കുറിക്കുന്നതിനാണ് സോണിയാ ഗാന്ധിയുടെ കേരളപര്യടനത്തിന്റെ ലക്ഷ്യമെന്ന് കെ. കരുണാകരന്‍ എംപി പറഞ്ഞു. വാഗ്ദാനങ്ങള്‍ കോരിച്ചൊരിഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സംസ്ഥാനത്തിന്റെ സമൃദ്ധിയും സമാധാനവും തകര്‍ത്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വയനാട്ടില്‍ നിന്നു കുറി തൊടുന്നതിനു പോലും ആരെയും ഇടതുപക്ഷത്തിനു കിട്ടില്ല- അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നാലില്‍ മൂന്നു ഭൂരിപക്ഷം നേടും - മുരളി
നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ. മുരളീധരന്‍ എംപി പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സീറ്റ് ഫാദര്‍ മത്തായി നൂറനാലിനു നല്കിയ സിപിഎം നയത്തെ മുരളി കളിയാക്കി. 1993ല്‍ ഫാദര്‍ മത്തായി നൂറനാലിന്റെ വീട്ടു പടിക്കലേക്കു മാര്‍ച്ചു നടത്തിയവരാണ് വയനാട്ടിലെ എസ്എഫ്ഐക്കാര്‍. കോഴവാങ്ങി അഡ്മിഷന്‍ നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അന്ന് മാര്‍ച്ച് നടത്തിയവരാണിന്ന് ഫാദറിന്റെ പോസ്റര്‍ ഒട്ടിക്കാന്‍ നടക്കുന്നത്- മുരളീധരന്‍ കളിയാക്കി.
യുഡിഎഫ് ബത്തേരി നിയോജകമണ്ഡലം ചെയര്‍മാന്‍ പി.സി. അഹമ്മദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി എം. കമലം, വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ എന്‍. ഡി. അപ്പച്ചന്‍, കെ.കെ. രാമചന്ദ്രന്‍, രാധാരാഘവന്‍, കേരളാ കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡന്റ് കെ. ജെ. ദേവസ്യ, കെപിസിസി നിര്‍വാഹക സമിതിയംഗം പ്രൊഫ.കെ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. മൂന്നു സ്ഥാനാര്‍ത്ഥികളും സോണിയയെ ഹാരമണിയിച്ചു.












Click it and Unblock the Notifications