അസമില്‍ ജനജീവിതം സ്തംഭിച്ചു
ഗുവാഹത്തി: ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍ (ആസു) ആഹ്വാനം ചെയ്ത ബന്ദിനെത്തുടര്‍ന്ന് മെയ് രണ്ട് ബുധനാഴ്ച അസമില്‍ ജനജീവിതം സ്തംഭിച്ചു. ബംഗ്ലാദേശുമായുള്ള സംഘര്‍ഷത്തിന്റെ വെളിച്ചത്തില്‍ സംസ്ഥാനാതിര്‍ത്തിയിലുടനീളം കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആസുവിന്റെ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ആസു ബുധനാഴ്ച ബന്ദ് പ്രഖ്യാപിച്ചത്.
കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചില്ല. റെയില്‍, റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു.
അസം- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ പിന്‍വലിച്ച് കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആസു ഏപ്രില്‍ 28 ശനിയാഴ്ച ആസു കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്മേല്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ബന്ദ് പ്രഖ്യാപിച്ചത്.
ഏപ്രിലില്‍ അസം, മേഘാലയ സംസ്ഥാനങ്ങളിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ 19 ബി എസ് എഫ് സൈനികരെ മൃഗീയമായി കൊലപ്പെടുത്തുകും ചെയ്ത പശ്ചാത്തലത്തിലാണ് അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ആസു കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത് .
തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ രൂക്ഷം
അസമില്‍ നിയമസഭാതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള അക്രമങ്ങള്‍ രൂക്ഷമാകുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്ന തീവ്രവാദി സംഘടന ഉള്‍ഫ( യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം) യാണ് അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മെയ് രണ്ട് ബുധനാഴ്ചയും ഉള്‍ഫ തീവ്രവാദികള്‍ ശക്തമായ ആക്രണമം അഴിച്ചുവിട്ടു. വിവിധ സ്ഥലങ്ങളിലുണ്ടായ വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെടുകയും രാന്‍ഗിയ നിയമസഭാനിയോജക മണ്ഡലത്തിലെ സമതാപാര്‍ട്ടി സ്ഥാനാര്‍ത്ഥി ദീപക് കടാലിയ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ അസം ഗണ പരിഷത്ത് പ്രവര്‍ത്തകരാണ് .
ദിബ്രുഗഢില്‍ മെയ് ഒന്ന് ചൊവാഴ്ച രാത്രിയില്‍ ഉള്‍ഫ തീവ്രവാദികള്‍ നടത്തിയ വെടിവയ്പില്‍ ദിബ്രുഗഢിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ജയന്ത ദത്ത കൊല്ലപ്പെട്ടിരുന്നു. ബി ജെ പി യുടെ സഖ്യകക്ഷിയും അസമിലെ ഭരണ കക്ഷിയുമായ അസം ഗണപരിഷത്തിന്റെ ദിബ്രുഗഢ് ജില്ലാ സെക്രട്ടറി പ്രശാന്ത ഗൊഗോയി ഉള്‍പ്പെടെ അഞ്ചു പേര്‍ക്കും വെടിവയ്പില്‍ സാരമായപരിക്കേറ്റു.
നല്‍ബാരി ജില്ലയിലെ ഖോരഗ്പാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അജ്ഞാതരായ അക്രമികള്‍ തീവച്ച് നശിപ്പിച്ചു. ഓഫീസിനടുത്തുള്ള ചായക്കടയില്‍ കിടന്നുറങ്ങുകയായിരുന്ന ഉടമസ്ഥന്‍ ചായക്കടയ്ക്ക് തീപിടിച്ച് വെന്തുമരിച്ചു. ഉള്‍ഫ പ്രവര്‍ത്തകരാണ് ഇതിനു പിന്നിലെന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications