അജിത് പാഞ്ചയുടെ വീടിനു മുന്നില്‍ സ്ഫോടനം
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് പാഞ്ചയുടെ വീടിന് മുന്നില്‍ മെയ് രണ്ട് ബുധനാഴ്ച ബോംബ് സ്ഫോടനമുണ്ടായി. എന്നാല്‍ സ്ഫോടനത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.
വൈകുന്നേരം 5.45 ഓടെയാണ് സ്ഫോടനം നടന്നത്. അന്നേരം അജിത് പാഞ്ച വീടിനകത്ത് , ബിജെപി ബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ അസിം ഘോഷ്, ഉപാധ്യക്ഷന്‍ മുസഫര്‍ ഖാന്‍ എന്നിവരുമായി ചേര്‍ന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു. ഈയടുത്തയിടെ മമതാ ബാനര്‍ജിയുമായി പിണങ്ങിയ അജിത് പാഞ്ച ബംഗാളില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
മെയ് ആറിന് കമര്‍ഹതിയില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കണമെന്ന ബിജെപിയുടെ അഭ്യര്‍ത്ഥന സ്വീകരിച്ച ശേഷമായിരുന്നു പാഞ്ചയുടെ വാര്‍ത്താസമ്മേളനം. സ്ഫോടനം നടന്നയുടന്‍ വാര്‍ത്താലേഖകര്‍ പുറത്തേക്കോടി വന്ന് നോക്കിയപ്പോള്‍ സ്ഫോടനത്തെ തുടര്‍ന്ന് ബോംബിനകത്തെ ഇരുമ്പുകമ്പികള്‍ പൊട്ടിച്ചിതറുന്നത് കണ്ടു. മറ്റൊരു ബോംബുകൂടി അക്രമികള്‍ വലിച്ചെറിഞ്ഞെങ്കിലും ഇത് പൊട്ടിത്തെറിച്ചില്ലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഉടന്‍ പൊലീസ് രംഗത്തെത്തിയെങ്കിലും അക്രമികളെ പിടികൂടാന്‍ കഴിഞ്ഞില്ല. തന്നെ വധിക്കാനായിരുന്നു അക്രമികളുടെ ഉദ്ദേശ്യമെന്ന് ബോംബില്‍ നിന്നും കണ്ടെടുത്ത ഇരുമ്പു വെടിയുണ്ടകള്‍ വ്യക്തമാക്കുന്നുവെന്ന് അജിത് പാഞ്ച പറഞ്ഞു.












Click it and Unblock the Notifications