യുഡിഎഫ് കപടമതേതരവാദികള്‍: പവാര്‍
തിരുവനന്തപുരം: കപടമതേതര വാദികളുടെ കൂട്ടായ്മയാണ് യുഡിഎഫ് എന്ന് എന്‍സിപി അഖിലേന്ത്യാ പ്രസിഡന്റ് ശരത്പവാര്‍. ഇതിന് തെളിവാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-ആര്‍എസ്എസ് കക്ഷികളോട് കോണ്‍ഗ്രസ് ഉണ്ടാക്കിയ ധാരണ. കപടമതേതരവാദികളുടെ മുന്നണിയായതിനാല്‍ ബിജെപി-ആര്‍എസ്എസുകാര്‍ക്ക് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ എളുപ്പമാണെന്നും പവാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കേരളത്തിലെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു. ഐഎന്‍എല്ലിന് എന്‍സിപിയുടെ സീറ്റുകള്‍ വിട്ടുകൊടുത്തത് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ്. വര്‍ഗീയ കക്ഷിയായ ബിജെപിയെ എതിര്‍ക്കുന്നതിനാലാണ് ഐഎന്‍എല്ലിന് സീറ്റ് നല്കാന്‍ തീരുമാനിച്ചത്. ഇതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസ്തരായവര്‍ക്ക് കോണ്‍ഗ്രസില്‍ സീറ്റ് നിഷേധിക്കുന്ന സമീപനമാണ് ഇപ്പോഴുള്ളത്. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചെറിയാന്‍ ഫിലിപ്പ് . ചെറിയാന്‍ ഫിലിപ്പിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം അവസരോചിതമാണ്. ഉചിതമായ സമയത്താണ് അദ്ദേഹം പാര്‍ട്ടിവിട്ട് പുറത്തുപോയത്. ഇതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് ഭരണത്തില്‍ തിരിച്ചുവരും
യുഡിഎഫിന് തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ല. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി ആരായിരിക്കുമെന്ന പ്രശ്നം ചര്‍ച്ചചെയ്യേണ്ട കാര്യവുമില്ല. സോണിയാഗാന്ധി മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ രാജ്യത്തെക്കുറിച്ചും പാര്‍ട്ടിയെക്കുറിച്ചും പാര്‍ട്ടി അണികളെക്കുറിച്ചുമറിയാത്ത നേതൃത്വമായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കലെന്നും പവാര്‍ ആരോപിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചുവരും. കഴിഞ്ഞ വര്‍ഷം ഏറെ പ്രയാസപ്പെട്ടാണ് ഭരണം പൂര്‍ത്തീകരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും സഹായവുമില്ലാതെ ബുദ്ധിമുട്ടി ഭരണം തുടരുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ജനകീയ മുന്നണിയില്‍ എന്‍സിപി ചേരുന്ന കാര്യം തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ നിലനില്ക്കുന്ന ഒരു മുന്നണിക്ക് ദേശീയ തലത്തില്‍ സാധ്യത തെളിഞ്ഞിട്ടുണ്ട്. ജനകീയ മുന്നണിയുമായി എന്‍സിപി സഹകരിക്കും. തിരഞ്ഞെടുപ്പിന്ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച അദ്ദേഹം ഐഎന്‍എല്‍ നേതാവ് ഇബ്രാഹിം സുലൈമാന്‍ സേഠിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് പവാര്‍ സേഠുമായി ചര്‍ച്ചചെയ്യും.












Click it and Unblock the Notifications