എം വിജയകുമാറിന്റെ അനധികൃത പോസ്റ്ററുകള്‍ പിടിച്ചെടുത്തു
തിരുവനന്തപുരം: മണ്ഡലത്തില്‍ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സ്പീക്കര്‍ എം വിജയകുമാറിനു വേണ്ടി തയ്യാറാക്കിയ അനധികൃത പോസ്റ്ററുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. മെയ് രണ്ട് ബുധനാഴ്ചയാണ് സംഭവം. പോസ്റ്ററുകള്‍ കൊണ്ടു പോകാന്‍ ഉദ്ദേശിച്ചിരുന്ന വാഹനവും അധികൃതര്‍ പിടിച്ചെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററിന്റെ വട്ടിയൂര്‍ക്കാവിലുള്ള അച്ചടിശാലയില്‍ നിന്നാണ് വിജയകുമാറിനു വേണ്ടി അച്ചടിച്ച പോസ്റ്ററുകള്‍ പിടിച്ചെടുത്തത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ പ്രസിന്റെ പേരിലാണ് സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകള്‍ അച്ചടിച്ചുകോണ്ടിരുന്നത്. ആര്‍ ഡി ഒ ടിങ്കു ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം അച്ചടിയിലായിരുന്ന പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയായിരുന്നു. പോസ്റ്ററുകള്‍ കസ്റ്റഡിയിലെടുത്ത അധികൃതര്‍ പ്രസ് പൂട്ടി സീല്‍ ചെയ്തു .
തിരഞ്ഞെടുപ്പ് ചട്ടലംഘനം
ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്റര്‍ സര്‍ക്കാരിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായതു കൊണ്ട് ഇവിടെ ആര്‍ക്കും പണം കൊടുത്ത് അച്ചടി ജോലി നടത്താം. എന്നാല്‍ സ്പീക്കര്‍ വിജയകുമാറിനു വേണ്ടി അച്ചടിച്ചു കൊണ്ടിരുന്ന പോസ്റ്ററില്‍ തിരുവനന്തപുരത്ത് ചാലയിലെ ചന്ദ്രാപ്രസ് എന്ന സ്വകാര്യ പ്രസിന്റെ പേരാണ് കൊടുത്തിരിക്കുന്നത് എന്നതിനാല്‍ ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് ആര്‍ ഡി ഒ ടിങ്കു ബിശ്വാസ് പറഞ്ഞു.
സംഭവത്തോടനുബന്ധിച്ച് പ്രസ് സൂപ്രണ്ടിനെ ചോദ്യം ചെയ്തുവെങ്കിലും അദ്ദേഹം കൈമലര്‍ത്തിയെന്ന് ടിങ്കു ബിശ്വാസ് പറഞ്ഞു. മെയ് ഒന്ന് ചൊവാഴ്ച മെയ് ദിനം പ്രമാണിച്ച് താന്‍ അവധിയിലായിരുന്നതു കൊണ്ട് പോസ്റ്റര്‍ അച്ചടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ലെന്ന് സൂപ്രണ്ട് പറഞ്ഞു.
എന്നാല്‍ പോസ്റ്ററുകള്‍ അച്ചടിക്കാനുള്ള നിര്‍ദ്ദേശം റിപ്രോഗ്രാഫിക് സെന്ററിന്റെ മാനേജിംഗ് ഡയറക്ടറുടെ ഓഫീസില്‍ നിന്നാണ് ലഭിച്ചതെന്ന് ജീവനക്കാര്‍ പറഞ്ഞു. ആരു നിര്‍ദ്ദേശം നല്‍കിയെന്ന കാര്യം തനിക്കറിയേണ്ട കാര്യമില്ലെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ നടപടി സ്വീകരിക്കുകയായിരുന്നുവെന്നും ആര്‍ ഡി വ്യക്തമാക്കി.
പ്രസ് പരിസരത്ത് സംഘര്‍ഷം
സ്പീക്കര്‍ എം വിജയകുമാറിന്റെ മണ്ഡലത്തിലാണ് പ്രസ് സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രസിന്റെ പരിസരത്ത് സംഘര്‍ഷം നിലനില്‍ക്കുന്നു. പോസ്റ്ററിന്റെ നെഗറ്റീവ് അടക്കമുള്ള സാധനങ്ങള്‍ ഇപ്പോള്‍ അധികൃതരുടെ കൈവശമാണ്. ഡബിള്‍ ഡമ്മി വലിപ്പത്തിലുള്ള ബഹുവര്‍ണ പോസ്റ്ററുകളായിരുന്നു ഇവ. എത്ര പോസ്റ്ററുകള്‍ ഉണ്ടായിരുന്നു എന്ന് കണക്കെടുത്തിട്ടില്ല.
പോസ്റ്ററുകള്‍ അച്ചടിച്ചു കടത്താന്‍ ഉപയോഗിച്ചിരുന്ന വാഹനവും സര്‍ക്കാര്‍ വകുപ്പിന്റേതാണ്. സര്‍ക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ സ്പോര്‍ട്്സ് മെഡിസിന്റേതാണ് വാന്‍. ഈ വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
പോസ്റ്ററുകള്‍ അച്ചടിച്ചുകൊണ്ടു പോയ വാഹനം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞത് വട്ടിയൂര്‍ക്കാവില്‍ സംഘര്‍ഷം സൃഷ്ടിച്ചു. സംഭവത്തെ തുടര്‍ന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ റിപ്രോഗ്രാഫിക് സെന്ററില്‍ നിന്നും വട്ടിയൂര്‍ക്കാവ് വരെ പ്രകടനം നടത്തി. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനമാണ് റിപ്രോഗ്രാഫിക് സെന്റര്‍. അച്ചടി , പ്രസിദ്ധീകരണ സംബന്ധമായ കോഴ്സുകള്‍ നടത്തുകയും സര്‍ക്കാരിന്റേതുള്‍പ്പെടെയുള്ള ഡി ടി പി, അച്ചടി ജോലികള്‍ നടത്തുകയുമാണ് ഇവിടെ ചെയ്യുന്നത്.












Click it and Unblock the Notifications