ഇടതു ദുര്‍ഭരണം അവസാനിപ്പിക്കുക ലക്ഷ്യം: ഇ അഹമ്മദ്
കൊച്ചി: ഇടതമുന്നണിയുടെ ദുര്‍ഭരണം അവസാനിപ്പിക്കുകയാണ് യു ഡി എഫിന്റെ ലക്ഷ്യമെന്ന് മുസ്ലീംലീഗ് നേതാവ് ഇ അഹമ്മദ് എംപി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനായി ആരുടെയും ഉപാധികളില്ലാത്ത പിന്തുണ മുന്നണി സ്വീകരിക്കും. പി ഡി പി യുമായി യു ഡി എഫിന് സഖ്യമില്ല. എന്നാല്‍, പി ഡി പി യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത് മുന്നണി സ്വാഗതം ചെയ്യുന്നു. പി ഡി പി പോലുള്ള പാര്‍ട്ടികള്‍ മുഖ്യധാരയിലേയ്ക്കു വരുന്നതിനെ മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നു.
എല്‍ ഡി എഫ് ഭരണകാലത്തു നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പി ഡി പി യുടെ പിന്തുണ സ്വീകരിച്ച സി പി എമ്മിന് ഇപ്പോള്‍ യു ഡി എഫ് പി ഡി പി പിന്തുണ സ്വീകരിക്കുന്നതിനെ വിമര്‍ശിക്കാന്‍ അവകാശമില്ല. പി ഡി പി പിന്തുണ ഇടതമുന്നണി സ്വീകരിച്ചിരുന്ന കാലത്ത് ആ പാര്‍ട്ടി വര്‍ഗീയമാണോ അല്ലയോ എന്നൊന്നും നോക്കിയിരുന്നില്ലെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ഇ അഹമ്മദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൊഴിലാളികളുടേതെന്ന് അവകാശപ്പെടുന്ന സി പി എം ഇപ്പോള്‍ ധനവാന്മാരുടെ പാര്‍ട്ടിയായി മാറിയിരിക്കുന്നുവെന്നും സി പി എം തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ അടിസ്ഥാന മൂല്യങ്ങള്‍ കാറ്റില്‍പ്പറത്തിയതായും അഹമ്മദ് ആരോപിച്ചു.












Click it and Unblock the Notifications