ആനയെ ബസ്സിടിച്ചു; പിഞ്ചുബാലന്‍ മരിച്ചു
തൃശൂര്‍: ആനയെ ബസ്സിടിച്ച് ഉണ്ടായ അപകടത്തില്‍ ബസില്‍ യാത്ര ചെയ്തിരുന്ന കുട്ടി മരിച്ചു. കുന്നംകുളം ചൊവന്നൂര്‍ മണലുമുക്കില്‍ സുധാകരന്റെ മകന്‍ സിനിലാണ്( ആറ്) മരിച്ചത്. മെയ് മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. 14 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബസ്സിടിച്ച ആഘാതത്തില്‍ റോഡില്‍ മറിഞ്ഞുവീണ ആനയ്ക്ക് ഗുരുതരമായ പരിക്കേറ്റു. തൃശൂര്‍-കുന്നംകുളം റൂട്ടില്‍ മുണ്ടൂര്‍ പള്ളിയ്ക്ക് സമീപംവച്ചാണ് ആനയെ ബസ്സിടിച്ചത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഗുരുവായൂര്‍ നാഗേരി മനക്കാരുടെ ഉഴവൂര്‍ ഗോപി എന്ന ആനയ്ക്കാണ് പരിക്കേറ്റത്. തൃശൂര്‍- കോഴിക്കോട് റൂട്ടിലോടുന്ന ജോണ്‍ മോട്ടോഴ്സ് എന്ന ലിമിറ്റഡ് സ്റോപ്പ് ബസ്സാണ് ആനയെ ഇടിച്ചു തെറിപ്പിച്ചത്.
നിലത്തുവീണ ആനയുടെ ഇടത്തെകൊമ്പ് പറിഞ്ഞുപോയി. ശക്തിയായി ഇടിച്ചതിനാല്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നുപോയി. ബസിന്റെ മുന്‍ഭാഗത്ത് അമ്മ നളിനിയുടെ മടിയിലിരിക്കുകയായിരുന്ന സിനില്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ബസിന്റെ മുന്നിലിരുന്ന് യാത്രചെയ്തവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിലത്തുവീണ ശേഷം ആന ഇതുവരെ എഴുന്നേറ്റിട്ടില്ല. ആനയ്ക്ക് നാല്പതുകുപ്പി ഗ്ലൂക്കോസ് കയറ്റി. പറിഞ്ഞുപോയ കൊമ്പിന്റെ സ്ഥാനത്തുനിന്നും നിലയ്ക്കാതെ രക്തമൊഴുകുന്നു. ഡോ.കെ.സി. പണിക്കരുടെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ ആനയെ രക്ഷപ്പെടുത്താനുള്ള കഠിനശ്രമത്തിലാണ്.












Click it and Unblock the Notifications