ഗൂഢാലോചനയെന്ന് സ്പീക്കര്‍
തിരുവനന്തപുരം: തനിക്കു വേണ്ടി പോസ്റ്ററുകള്‍ അനധികൃതമായി അച്ചടിപ്പിച്ചുവെന്ന ആരോപണം ഗൂഢാലോചനയുടെ ഫലമാണെന്ന് സ്പീക്കര്‍ എം വിജയകുമാര്‍. മെയ് മൂന്ന് വ്യാഴാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കൂടിയായ വിജയകുമാര്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനത്തില്‍ അനധികൃതമായി പോസ്റുകള്‍ അച്ചടിച്ചു എന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അച്ചടി നടക്കുമ്പോള്‍ വിളിച്ചുപറയുകയും ഉടന്‍ ആര്‍ ഡി ഒ എത്തി പോസ്റ്ററുകള്‍ പിടിച്ചെടുക്കുകയും അവരുടെ സാന്നിദ്ധ്യത്തില്‍ തന്നെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ കുറേപ്പേര്‍ അവിടെ കടന്നു കയറി അക്രമമുണ്ടാക്കുകയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തതൊക്കെ പരിശോധിച്ചാല്‍ വ്യക്തമായ ഗൂഢാലോചന നടന്നതായി മനസിലാക്കാന്‍ സാധിക്കുമെന്ന് വിജയകുമാര്‍ ആരോപിച്ചു.
പോസ്റ്ററുള്‍പ്പെടെയുള്ള പ്രചാരണ സാധനങ്ങള്‍ അച്ചടിക്കുന്നതിന് ഏജന്റായ ചന്ദ്രാ പ്രസിനെ ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ചന്ദ്രാ പ്രസ് അവരുടെ അച്ചടിജോലികള്‍ ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററിലാണ് ചെയ്തത്. സര്‍ക്കാരിന്റെ കീഴിലുള്ള വാണിജ്യസ്ഥാപനമായ അവിടെ അച്ചടിക്കുന്നതില്‍ ഒരു തെറ്റുമില്ല. സ്ഥാപനത്തിന്റെ നിയമാവലിയില്‍ അതിനു വ്യവസ്ഥയുമുണ്ട് . പോസ്റ്ററുകളില്‍ ചന്ദ്രാ പ്രസില്‍ അച്ചടിച്ചത് എന്ന് ഉപയോഗിക്കുന്നതിനും തടസ്സമില്ല. സ്ഥാനാര്‍ത്ഥിയായ തനിക്ക് നേരിട്ട് പോസ്റ്റര്‍ അച്ചടിക്കാനുള്ള ഓര്‍ഡര്‍ നല്‍കാന്‍ കഴിയും - വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്ററിന്റെ ആംബുലന്‍സ് എ വി ആര്‍ സി യില്‍ വന്നത് തന്റെ പോസ്റ്ററുകള്‍ കൊണ്ടുപോകാനല്ലെന്നും സ്പോര്‍ട്സ് ഡയറക്ടറേറ്റ് പ്രസിദ്ധീകരണമായ യുവകൈരളി അവിടെ നിന്നും അച്ചടിച്ചു വാങ്ങി കൊണ്ടു പോകാനാണെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടി.
ആര്‍ ഡി ഒ യെ വെറുതെ വിടില്ല
തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ അച്ചടിച്ചതിലെ വസ്തുതകള്‍ മനസിലാക്കാതെ തനിക്കെതിരേ നടപടി സ്വീകരിച്ച തിരുവനന്തപുരം ആര്‍ ഡി ഒ ടിങ്കു ബിശ്വാസിനെ വെറുതെ വിടാന്‍ പോകുന്നില്ലെന്ന് എം. വിജയകുമാര്‍ പ്രസ്താവിച്ചു. സംഭവത്തില്‍ നിരപരാധിയായ തന്നെ ആര്‍ ഡി ഒ ക്രൂശിക്കുകയായിരുന്നുവെന്ന് വിജയകുമാര്‍ ആരോപിച്ചു.
ആര്‍ ഡി ഒ യ്ക്കെതിരേ ഭരണപരമായും നിയമപരമായും നടപടി സ്വീകരിക്കുമെന്ന് വിജയകുമാര്‍ പറഞ്ഞു. പരാതി കിട്ടിയപ്പോള്‍ ആര്‍ ഡി ഒ സ്ഥാപനത്തെക്കുറിച്ച് അന്വേഷിച്ചില്ല. എവിആര്‍സി യില്‍ പുറത്തുനിന്നുള്ള അച്ചടി ജോലികള്‍ ചെയ്യുമോ എന്നന്വേഷിച്ചില്ല. എവിആര്‍സി മാനേജിംഗ് ഡയറക്ടര്‍ സ്ഥലത്തുണ്ടായിട്ടും അദ്ദേഹത്തോട് കാര്യങ്ങള്‍ അന്വേഷിച്ചില്ല. സ്ഥാനാര്‍ത്ഥി കൂടിയായ തന്നോട് കാര്യങ്ങള്‍ തിരക്കിയില്ല. ഇതെല്ലാം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആര്‍ഡിഒ യ്ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വിജയകുമാര്‍ പറഞ്ഞു.
സ്പീക്കറുടെ സ്ഥാനത്തിരുന്നു കൊണ്ട് ആര്‍ഡിഒ യെ ഭീഷണിപ്പെടുത്തുന്നത് ശരിയാണോ എന്ന വാര്‍ത്താലേഖകരുടെ ചോദ്യത്തിന് അവര്‍ തന്നോട് വളരെ ക്രൂരമായി പെരുമാറുകയായിരുന്നുവെന്നായിരുന്നു വിജയകുമാറിന്റെ മറുപടി. ഭരണപരമായും നിയമപരമായും അവര്‍ക്കെതിരേ നടപടി സ്വീകരിക്കും. അവര്‍ തന്റെ കൂടി അവകാശങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ്. ഇക്കാര്യത്തില്‍ താന്‍ ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്നും ഭരണപരമായ നടപടി സ്വീകരിക്കുമെന്നു പറഞ്ഞത് സ്പീക്കറുടെ അധികാരം ഉപയോഗിച്ചു കൊണ്ടല്ലെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications