അയോധ്യ: അദ്വാനിയ്ക്കെതിരായ കേസ് റദ്ദാക്കി
ലഖ്നോ: ബാബറി മസ്ജിദ് തകര്‍ത്തകേസില്‍ നിന്നും ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനിയടക്കം 22 പേരെ ഒഴിവാക്കി. ഇവര്‍ക്കെതിരെ ഇനി ക്രിമിനല്‍ നടപടികള്‍ വേണ്ടെന്ന് ഈ കേസില്‍ വിചാരണ നടത്തുന്ന പ്രത്യേക സിബിഐ കോടതി മെയ് നാല് വെള്ളിയാഴ്ച വിധിച്ചു. അയോധ്യാ സംഭവത്തില്‍ ആകെ 49 പേര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് ഉണ്ടായിരുന്നത്.
സാങ്കേതിക കാരണങ്ങളുടെ പേരിലാണ് ഇവരെ ഒഴിവാക്കുന്നതെന്നാണ് കോടതി വിശദീകരിക്കുന്നത്. ഇക്കൂട്ടത്തില്‍ മനുഷ്യവിഭവശേഷി മന്ത്രി എം.എം. ജോഷി, സ്പോര്‍ട്സ് മന്ത്രി ഉമാ ഭാരതി, ശിവസേന നേതാവ് ബാല്‍ താക്കറേ, വിഎച്ച്പി അധ്യക്ഷന്‍ അശോക് സിംഗാള്‍, ബജ്രംഗ് ദള്‍ അധ്യക്ഷന്‍ വിനയ് കത്യാര്‍, മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കല്യാണ്‍ സിംഹ് എന്നിവര്‍ ഉള്‍പ്പെടുന്നു. അയോധ്യാ സമരവുമായി അടുത്തു ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ചില സന്യാസിമാരെയും ഒഴിവാക്കിയിട്ടുണ്ട്.
അയോധ്യകേസ് വിചാരണ ചെയ്യുന്നതിനുള്ള പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുള്ള ഉത്തരവിറക്കുന്നതില്‍ സര്‍ക്കാര്‍ കീഴ്വഴക്കം പാലിച്ചില്ലെന്ന അലഹബാദ് ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് 22 പേരെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയതെന്നും പ്രത്യേക കോടതി ജഡ്ജി എസ്.കെ. ശുക്ല പറഞ്ഞു. പ്രത്യേക കോടതി സ്ഥാപിക്കുന്നതിനുള്ളഉത്തരവിറക്കുന്നതിനു മുന്‍പ് ഹൈക്കോടതിയുടെ അനുവാദം വാങ്ങണമെന്നുണ്ട് . എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കീഴ്വഴക്കം പാലിച്ചില്ല- ജഡ്ജി പറഞ്ഞു.
രക്ഷയ്ക്കെത്തിയത് ഹൈക്കോടതി വിധി
1992 ഡിസംബര്‍ ആറിന് നടന്ന അയോധ്യ സംഭവത്തില്‍ പങ്കാളികളായവരെ രണ്ടു തരമായി തിരിച്ചിരുന്നു. ബാബറി മസ്ജിദിന് അകത്തും പുറത്തുമുണ്ടായിരുന്നവരും രാം കഥാ കുഞ്ചിനരികില്‍ കൂടിയിരുന്നവരും. ഇതില്‍ ഇപ്പോള്‍ ഒഴിവാക്കപ്പെട്ട 22 പേരും രാം കഥാ കുഞ്ചിനരികില്‍ കൂടിയിരുന്നവരാണ്. 16ാം നൂറ്റാണ്ടിലെ മുഗള്‍ പള്ളി ജനക്കൂട്ടം തകര്‍ത്തതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളായ 49 പേരെ കുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഇതില്‍ ബിജെപി , വിച്ച്പി തുടങ്ങിയ സംഘടനകളിലെ എട്ടു രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും മറ്റ് 41 പേര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് കേസെടുത്തു.
ലഖ്നോയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയിലാണ് അലഹബാദ് ഹൈക്കോടതി ഇടപെട്ടത്. ക്രിമിനല്‍ കേസുള്ള 49 പ്രതികളെയും വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് 1993 ഒക്ടോബര്‍ എട്ടിനിറങ്ങിയ സര്‍ക്കാര്‍ ഉത്തരവ് അലഹബാദ് ഹൈക്കോടതി മാറ്റിവയ്ക്കുകയായിരുന്നു. ഉത്തരവിറക്കുന്നതിനു മുന്‍പ് ഹൈക്കോടതിയോട് സര്‍ക്കാര്‍ അനുമതി ചോദിച്ചില്ലെന്ന കാരണം പറഞ്ഞാണ് പ്രത്യേക കോടതി രൂപവല്ക്കരിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ ് ഹൈക്കോടതി റദ്ദാക്കിയത്.












Click it and Unblock the Notifications