ഉഷയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്ത് നിരാഹാമനുഷ്ഠിക്കുന്ന പി.ഇ. ഉഷയെ മെയ് നാല് വെള്ളിയാഴ്ച പൊലീസ് മെഡിക്കല്‍ കോളേജിലേക്ക് നീക്കി. ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് പൊലീസ് ഉഷയെ മെഡിക്കല്‍ കോളേജിലേക്കു നീക്കിയത്.
എന്നാല്‍ താന്‍ മെഡിക്കല്‍ കോളേജിലും നിരാഹാരം തുടരുമെന്ന് ഉഷ പറഞ്ഞു. ഉഷയെ അറസ്റുചെയ്യാന്‍ വന്നാല്‍ പൊലീസിനെ എതിര്‍ക്കുമെന്ന് സമരസഹായസമിതി അംഗങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ആരും പൊലീസിനെ എതിര്‍ത്തില്ല. ഉഷയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് പൊലീസിനെ എതിര്‍ക്കാതിരുന്നതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഈ മുന്‍ധാരണയുടെ അടിസ്ഥാനത്തില്‍ സര്‍വകലാശാല വളപ്പില്‍ ഉഷയെ അറസ്റുചെയ്യാനെത്തിയ പൊലീസ്സംഘം സമരസമിതി നേതാക്കളുടെ വിശദീകരണയോഗം കഴിയുന്നതുവരെ കാത്തുനിന്നു. രാവിലെ 11 മണിയോടെ ഇവരുടെ വിശദീകരണയോഗം കഴിഞ്ഞതോടെ ഉഷയെ പൊലീസ് മെഡിക്കല്‍ കോളേജിലേക്കു കൊണ്ടു പോകുകയായിരുന്നു. സര്‍വകലാശാലയുടെ ആംബുലന്‍സിലാണ് ഉഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പ്രശ്നങ്ങള്‍ ഈ നിലയിലെത്തിയിട്ടും വൈസ് ചാന്‍സലര്‍ തിരിഞ്ഞുനോക്കാതിരുന്നതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
ഉഷസംഭവത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ഫാക്സ് സന്ദേശമയച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് പ്രകാശന്റെ വാദം കൂടി കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷന്‍ ഇതുവരെ ഉഷാകേസില്‍ കൈക്കൊണ്ട നടപടിയെക്കുറിച്ച് വേണമെങ്കില്‍ പ്രകാശന്റെ പ്രതികരണം കൂടി ആരായാമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications