ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍: ബംഗ്ലാദേശ്
ധാക്ക: അതിര്‍ത്തിതര്‍ക്കം സംബന്ധിച്ച് ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബംഗ്ലാദേശ്. മെയ് മാസത്തില്‍ തന്നെ ഏതെങ്കിലും ദിവസം ദില്ലിയില്‍വച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുസ്സമദ് ആസാദ് പറഞ്ഞു.
അതിര്ത്തിപ്രശ്നങ്ങള് അവസാനിക്കണമെങ്കില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഉടന്‍ തന്നെ ചര്‍ച്ച തുടങ്ങേണ്ടതുണ്ടെന്ന ഇന്ത്യയുടെ അഭിപ്രായത്തെ ബംഗ്ലാദേശ് മന്ത്രി അനുകൂലിച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യവകുപ്പുകള്‍ ചേര്‍ന്ന് ചര്‍ച്ചയ്ക്കായി ഒരു തീയതി നിശ്ചയിക്കും.
അതിര്ത്തിപ്രശ്നങ്ങള് സംബന്ധിച്ച മന്ത്രിതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആസാദ്. പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും തത്വത്തില്‍ അംഗീകരിച്ചതിനുശേഷമുള്ള ആദ്യ മന്ത്രിതലയോഗമായിരുന്നു ഇത്. ആസാദ് അധ്യക്ഷനായിരുന്ന യോഗത്തില്‍ നിയമമന്ത്രി അബ്ദുള്‍ മാതിന് ഖുസ്രു, ഭൗമമന്ത്രി റഷീദ് മുഷാറഫ് എന്നിവരും ആഭ്യന്തരം, വിദേശകാര്യം, ഭൂമി തുടങ്ങിയ വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു. ചര്‍ച്ചകള്‍ക്കായി ബംഗ്ലാദേശ് സംഘം ഇന്ത്യയിലെത്തുന്നതിനോടടുത്ത് അടുത്ത മന്ത്രിതലയോഗം നടക്കും.