ദുബായ് ഫെയറില്‍ കേരളം ശ്രദ്ധേയമായി
ദുബായി: ദുബായില്‍ നടന്ന അറേബ്യന്‍ ട്രാവല്‍ ഫെയറില്‍ കേരളത്തിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായി. മെയ് ഒന്നു മുതല്‍ നാലു വരെ നടന്ന മേളയില്‍ ഏറ്റവും വലിയ പവലിയന്‍ ഒരുക്കിയ കേരളം സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റി. പാരമ്പര്യ വസ്ത്രങ്ങളണിഞ്ഞ പെണ്‍കുട്ടികളും കഥകളി വേഷക്കാരും സന്ദര്‍ശകരെ പരമ്പരാഗത രീതിയില്‍ വരവേറ്റു.
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്റെ നേതൃത്വത്തിലായിരുന്നു കേരളത്തിന്റെ പവലിയന്‍. താജ് റിസോര്‍ട്സ്, കാസിനോ ഹോട്ടല്‍ ഗ്രൂപ്പ്, സോമതീരം ആയുര്‍വേദിക് ബീച്ച് റിസോര്‍ട്, ടേണ്‍ ഹോളിഡേയ്സ്, ജോസി ടൂര്‍സ് ആന്‍ഡ് ട്രാവല്‍, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്, വൈത്തിരി റിസോര്‍ട്സ്, കിറ്റ്സ് ഇന്ത്യ എന്നീ സ്ഥാപനങ്ങളും പവലിയനില്‍ പങ്കെടുത്തു.
ഗള്‍ഫ് മേഖലയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ട്രാവല്‍ മാര്‍ട്ടിലെ കേരളത്തിന്റെ പ്രകടനത്തിനു കഴിയുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ കെ. വേണു പറഞ്ഞു. കേരളവും ഗള്‍ഫ് മേഖലയുമായുള്ള അകലം കുറവായതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് നൂറോളം വിമാനങ്ങള്‍ ഉള്ളതും ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്കുള്ള വിനോദസഞ്ചാരികള്‍ക്ക് സൗകര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളുമായി കേരളത്തിലെ മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ഗള്‍ഫ് മേഖലയിലെ അവധിക്കാലം കഠിനമായ ഉഷ്ണകാലമായതും കേരളത്തില്‍ ഈ സമയം വിനോദസഞ്ചാരത്തിന് ഏറ്റവും അനുയോജ്യമായ കാലമാണെന്നതും ഗള്‍ഫില്‍ നിന്നും കേരളത്തിലേയ്ക്കുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കും.
കേരളത്തിലെ വിനോദസഞ്ചാര സാദ്ധ്യതകള്‍ പവലിയന്‍ സന്ദര്‍ശിച്ചവരെ ബോദ്ധ്യപ്പെടുത്താനായിട്ടുണ്ടെന്ന് വേണു ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സന്ദര്‍ശകര്‍ ഇത്തവണ കേരളത്തിന്റെ പവലിയനിലുണ്ടായിരുന്നു.












Click it and Unblock the Notifications