ബിജെപി നിലപാട് പരസ്യമാക്കും: രാജഗോപാല്‍
തിരുവനന്തപുരം: ബി ജെ പി മുന്നണിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത പത്ത് നിയമസഭാ മണ്ഡലങ്ങളില്‍ എന്തു നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനിക്കുമെന്ന് കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ രഹസ്യമൊന്നുമില്ലെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ ചര്‍ച്ച നടക്കുകയാണെന്നും രാജഗോപാല്‍ മെയ് അഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ അറിയിച്ചു. നിലപാട് പരസ്യമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍ എം.വി. രാഘവന് പിന്തുണ നല്‍കുകയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും അങ്ങനെ പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ഇക്കാര്യത്തിലും രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകും.
തീരുമാനം വൈകിക്കുന്നത് രാഷ്ട്രീയപരമായ ബ്ലാക്മെയിലിംഗ് അല്ലേ?
ഒരിക്കലുമല്ല. തിരഞ്ഞെടുപ്പിനു മുമ്പ് തീരുമാനിച്ചാല്‍ പോരേ.
തീരുമാനം ബി ജെ പി നേതാക്കള്‍ വ്യത്യസ്ത സ്വരത്തില്‍ സംസാരിക്കുന്നതെന്താണ്?
ചിന്തിക്കുന്നവര്‍ ധാരാളമുണ്ടെന്നാണ് അതിനര്‍ത്ഥം.
പത്തു മണ്ഡലങ്ങളില്‍ എവിടെയെങ്കിലും സ്വതന്ത്രന്മാരെ പിന്തുണയ്ക്കുമോ?
അതും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ.
എല്ലാ മണ്ഡലത്തിലും ഒരേ നിലപാടായിരിക്കുമോ അതോ മണ്ഡലത്തിന്റെ സ്ഥിതിയനുസരിച്ച് വ്യത്യസ്ത നിലപാടായിരിക്കുമോ?
ഇത്രയും ആകാംക്ഷ വേണ്ട. എല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കും.
പാര്‍ട്ടിക്ക് ഇത്തവണ ഹിറ്റ്ലിസ്റ്റ് ഉണ്ടെന്നു പറയുന്നത് ശരിയാണോ?
അങ്ങനെയൊരു തീരുമാനവും പാര്‍ട്ടി എടുത്തിട്ടില്ല.
സോണിയാ ഗാന്ധി ബി ജെ പി യെ നിശിതമായി വിമര്‍ശിക്കുമ്പോഴും കേരളത്തില്‍ യു ഡി എഫ് നേതാക്കള്‍ ബി ജെ പി യോടു മൃദുവായ സമീപനം സ്വീകരിക്കുന്നുവെന്ന ആരോപണം ശരിയാണോ?
രണ്ടുമുണ്ട്. യുഡിഎഫുമായും എല്‍ഡിഎഫുമായി ബിജെപി ക്കു ബന്ധമുണ്ടെന്നാണ് ഇരു കൂട്ടരും ആരോപിക്കുന്നത്. ഒരു മുന്നണിയോടും ഞങ്ങള്‍ക്ക് മമതയില്ല. ഇടതുകാലില്‍ നിന്നു മന്ത് വലതുകാലിലേയ്ക്ക് മാറ്റുന്നതു പോലെയാണത്. മന്തില്ലാത്ത കാലാണ് ഞങ്ങള്‍ക്ക് വേണ്ടത്.
കോണ്‍ഗ്രസും സി പി എമ്മും മൈത്രിയില്‍
കേരളത്തിലും ബംഗാളിലും സി പി എമ്മിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ദില്ലിയിലും ബാക്കിയുള്ള സ്ഥലങ്ങളിലും കോണ്‍ഗ്രസ് സി പി എമ്മുമായി മൈത്രിയിലാണെന്ന് രാജഗോപാല്‍ ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ വിളിക്കുന്ന യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സിപിഎം ആസൂത്രണം ചെയ്യുന്ന യോഗങ്ങളിലെല്ലാം പങ്കെടുക്കാറുണ്ട്.
സോണിയ കോണ്‍ഗ്രസ് പ്രസിഡന്റായതോടെ കോണ്‍ഗ്രസിനുണ്ടായിരുന്ന മാര്‍ക്സിസ്റ്റ് വൈരം ഇല്ലാതായി. ആദര്‍ശങ്ങളല്ല അവരെ നയിക്കുന്നത്. നെഹ്റു കുടുംബത്തിനു മതി പ്രധാനമന്ത്രി സ്ഥാനം എന്ന നിലപാടാണ് അവര്‍ക്ക്. എങ്ങനെയെങ്കിലും വാജ്പേയി സര്‍ക്കാരിനെ താഴെയിറക്കണം എന്നതാണ് ലക്ഷ്യം. അതിനാണു സിപിഎമ്മിനെ കൂട്ടുപിടിക്കുന്നത്.
ബി ജെ പി യെ അകറ്റി നിര്‍ത്തുന്നത് കേരളത്തിനു ഹാനികരം
രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായ ബി ജെ പി യെ അയിത്തം കല്‍പിച്ച് അകറ്റി നിര്‍ത്തുന്നത് കേരളത്തിനു ഹാനികരമാണെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസനമാണ് ഇടതു വലതു മുന്നണികളുടെ ലക്ഷ്യമെങ്കില്‍ ബിജെപിയെ മാറ്റി നിര്‍ത്തതരുത്. വികസനത്തിനു മുന്‍തൂക്കം നല്‍കുമെന്ന തരത്തില്‍ ഇപ്പോള്‍ പ്രചാരണം നടക്കുന്നത് നല്ലതാണ്. പക്ഷേ കേരളത്തെ മറ്റു സംസ്ഥാനങ്ങളുടെ പിന്നിലാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഇരുമുന്നണികള്‍ക്കും കഴിയില്ല. സംഘര്‍ഷത്തിന്റെ രാഷ്ട്രീയം വികസനത്തിന് സഹായകമാകില്ലെന്ന് മുന്നണികള്‍ ഓര്‍ക്കണം.
വാജ്പേയി സര്‍ക്കാരിനെ താഴെയിറക്കുക എന്ന സോണിയാ ഗാന്ധിയുടെ നയവും അതിനായി അവര്‍ സി പി എമ്മിനെ കൂട്ടുപിടിക്കുന്നതും കാരണം കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തില്‍ പ്രതിപക്ഷമെന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്ന് രാജഗോപാല്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications