ഛോട്ടാരാജന്റെ സംഘാംഗങ്ങള്‍ കൊല്ലപ്പെട്ടു
മുംബൈ: മുംബൈയില്‍ ഞായറാഴ്ച രാത്രി നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ അധോലോക രാജാവായ ഛോട്ടാ രാജന്റെ സംഘത്തില്‍ പെട്ട രണ്ട് പേര് കൊല്ലപ്പെട്ടു.
ബാല്‍വ എന്ന രാമപ്രസാദ് ബാബ്വ കാഹാര്‍ (30), വേണുഗോപാല്‍ നായര്‍ (34) എന്നിവരാണ് കൊല്ലപ്പെട്ടത്. 12 കേസുകളില്‍ പ്രതിയായ ബാല്‍വ 12 എഐ കോളനി ജംഗ്ഷനിലേക്ക് ഒരു കൂട്ടാളിയോടൊപ്പം വരുമ്പോഴാണ് പൊലീസിന്റെ കണ്ണില്‍ പെട്ടത്. പൊലീസ് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസിനു നേരെ ബാല്‍വ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ സാരമായി പരിക്കേറ്റ ബാല്വയെ വി.എന്‍.ദേശായി ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെവച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബാല്വയുടെ സഹായി രക്ഷപ്പെട്ടു.
സമാനമായ ഏറ്റുമുട്ടലിലാണ് വേണുഗോപാല്‍ നായര്‍ കൊല്ലപ്പെട്ടത്. റിസ്വി കോളജിനടുത്തുവെച്ച് കൂട്ടാളിയോടൊപ്പം നടന്നുപോവുകയായിരുന്ന നായരോട് കീഴടങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നായര്‍ തിരിച്ച് വെടിവെക്കുകയായിരുന്നു. തുടര്‍ന്നു നടന്ന വെടിവെപ്പില്‍ നായര്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം.