Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ യുഡിഎഫ് തരംഗം: ആസാദ്

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് അനുകൂലതരംഗം അലയടിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ്. മന്ത്രിസഭ രൂപീകരിക്കാനാവശ്യമായതില്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ യുഡിഎഫ് നേടുമെന്ന് അദ്ദേഹം അവകാശ്പെട്ടു.

മെയ് എട്ട് ചൊവാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാകുകയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണ് മുഖ്യലക്ഷ്യം. അതിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കും. എംഎല്‍എമാരുടെ അഭിപ്രായം പരിഗണിച്ച് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധിയായിരിക്കും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക - അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനിടയില്‍ ഒരു തൊഴിലവസരം പോലും സൃഷ്ടിച്ചിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ആദര്‍ശം പറയുകയും അഴിമതി നടത്തുകയുമാണ് അവര്‍ ചെയ്യുന്നത്. സോഷ്യലിസം പ്രസംഗിച്ചിട്ട് മുതലാളിത്തം നടപ്പാക്കും. തൊഴിലില്ലാത്തവരും പെന്‍ഷന്‍കാരും വിധവകളും സ്വാതന്ത്യ്രസമരസേനാനികളും പെന്‍ഷന്‍ കിട്ടാതെ വിഷമിക്കുന്നു. കേരളത്തിലെ ഈ ദുര്‍ഭരണം നിര്‍ത്തലാക്കി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു - ആസാദ് അവകാശപ്പെട്ടു.

ബിജെപിയുമായി നേരിട്ടോ അല്ലാതെയോ കോണ്‍ഗ്രസിന് കൂട്ടുകെട്ടില്ല. ആശയപരമായി കോണ്‍ഗ്രസും ബിജെപിയും രണ്ട് തട്ടിലാണ്. അതിനാലാണ് അരനൂറ്റാണ്ടിനിടക്ക് ബിജെപിയുമായി ഒരിക്കലും കോണ്‍ഗ്രസും സഹകരിക്കാത്തത്.

തിരഞ്ഞെടുപ്പില്‍ തിരിമറി നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നും ഇത് യുഡിഎഫ് കൈയ്യും കെട്ടി നോക്കിനില്‍ക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എം. വിജയകുമാര്‍ റിപ്രോഗ്രാഫിക് സെന്ററില്‍ പോസ്ററുകള്‍ അടിച്ചത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിധി നിര്‍ണയിക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഹിതപരിശോധനയായിരിക്കും. തമിഴ്നാട്, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് ഭരിക്കുന്നത്. അതിനാല്‍ സ്വാഭാവികമായും എന്‍ഡിഎക്കെതിരെയുള്ള വിധിയെഴുത്തായിരിക്കുമിത്.

തമിഴ്നാട്ടില്‍ സിപിമ്മുമായി കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഐഡിഎംകെയുമായാണ് കോണ്‍ഗ്രസ് അവിടെ സഖ്യമുണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനു ശേഷം ടിഎംസി കോണ്‍ഗ്രസില്‍ ലയിക്കുന്ന സാധ്യത തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയും പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+