പ്രചാരണത്തിന് തിരശ്ശീല വീണു
തിരുവനന്തപുരം: പ്രചാരണകോലാഹലങ്ങളൊടുങ്ങിയതോടെ വോട്ടെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. അവസാനഘട്ട മാരത്തോണ്‍ പ്രചാരണത്തിന് ശേഷം പിന്‍വാങ്ങിയ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇനി ഉറ്റുനോക്കാനുള്ള ദിനം മെയ് 10 ആണ്.
മുന്‍തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രചാരണകോലാഹലം ഏറെ കുറവായിരുന്നെങ്കിലുംചൊവാഴ്ച നാല് മണിയോടെ ഉച്ചഭാഷിണികള്‍ നിലക്കുകയും വാഹനങ്ങള്‍ പ്രചാരണത്തിനായി നാട് ചുറ്റുന്നത് നിര്‍ത്തുകയും ചെയ്തതോടെ എങ്ങും ശാന്തതയുടെ പ്രതീതിയാണ്. മെയ് 10ന്റെ വിധിയെഴുത്തിലേക്കും കേരളം ഇനി ആരു ഭരിക്കുമെന്ന 13നുള്ള പ്രഖ്യാപനത്തിലേക്കും കോലാഹലങ്ങളില്ലാതെ ഉറ്റുനോക്കാനുള്ള ദിനങ്ങളാണ് ഇനി.
പ്രചാരണത്തിന്റെ അവസാനദിനം ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഇരുമുന്നണികളും ബിജെപിയും. സ്ഥാനാര്‍ഥികളുടെ പേരുകള്‍ വീണ്ടും വിളിച്ചറിയിക്കാനുള്ള അതീവധൃതിയിലായിരുന്നു പ്രചാരണ വാഹനങ്ങള്‍. വിവിധ മുന്നണികളുടെ വാഹനങ്ങള്‍ പലപ്പോഴും ചീറിപാഞ്ഞുപോയത് ഒന്നിനു പിറകെ ഒന്നായാണ്. സ്ഥാനാര്‍ഥികളുടെ പേരുകളും ചിഹ്നങ്ങളും വോട്ടര്‍മാരുടെ ചെവികളിലെത്തിക്കാന്‍ മാറി മാറിയുള്ള വാശിയേറിയ മത്സരത്തിന്റെ മൂഡിലായിരുന്നു അവര്‍. വിവിധ പാര്‍ട്ടികളുടെ ഗായക സംഘങ്ങളും പാരഡിഗാനങ്ങളും അവസാനദിവസത്തെ കൊഴുപ്പിച്ചു.
അവസാന ദിവസം തങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലെ മിക്കവാറും എല്ലാ ഭാഗങ്ങളും ഒന്നുകൂടി സന്ദര്‍ശിക്കാനുള്ള ധൃതിയിലായിരുന്നു സ്ഥാനാര്‍ഥികള്‍. വോട്ടര്‍മാരെ ഒന്നുകൂടി ഓര്‍മിപ്പിക്കാന്‍ ചുണ്ടില്‍ ചിരിയുമായി ഒരു മാരത്തോണ്‍ പര്യടനം. നാല് മണിയോടെ എല്ലാ കോലാഹലങ്ങളും കഴിഞ്ഞതോടെ പ്രവര്‍ത്തകരോടൊത്ത് അവര്‍ പാര്‍ട്ടി ഓഫീസുകളിലേക്കും വീടുകളിലേക്കും മടങ്ങി.
മുന്‍ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ അഞ്ചുമണിക്കു പകരം നാല് മണിക്കാണ് പ്രചാരണം അവസാനിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പൂര്‍ണമായും ഉപയോഗിക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് പ്രചാരണസമയത്തില്‍ മാറ്റം വന്നത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതിനാല്‍ ഇത്തവണ ഒരു മണിക്കൂര്‍ നേരത്തെ വോട്ടെടുപ്പ് അവസാനിക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ നേരത്തെ പ്രചാരണം അവസാനിപ്പിക്കണമെന്നാണ് വ്യവസ്ഥ. അതുകൊണ്ടാണ് നാല് മണിക്ക് തന്നെ പ്രചാരണം അവസാനിച്ചത്.
2,16,42,362 പേരാണ് ഇത്തവണ പോളിംഗ് ബൂത്തുകളില്‍ സമ്മിതാദനാവകാശം വിനിയോഗിക്കുന്നത്. ഇവരുടെ വിധിയെഴുത്തിനായി 675 സ്ഥാനാര്‍ഥികളും. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്ഥാനാര്‍ഥികള്‍ ഏറെകുറവാണ്.












Click it and Unblock the Notifications