ശ്രീലങ്കയില്‍ സമാധാനചര്‍ച്ച
കൊളംബോ: എല്‍ടിടിഇയും ശ്രീലങ്കന്‍ സര്‍ക്കാരും തമ്മിലുള്ള സമാധാന ചര്‍ച്ച മെയ് 15 ന് ആരംഭിച്ചേക്കും. നോര്‍വെയില്‍ നിന്നുള്ള സമാധാനദൂതന്‍ എറിക് സോളിനെ ഉദ്ധരിച്ചുകൊണ്ട് ശ്രീലങ്കന്‍ ദേശീയ ടെലിവിഷനാണ് ഇക്കാര്യം മെയ് ഏഴ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
അതേ സമയം ശ്രീലങ്കന്‍ സര്‍ക്കാര്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. എംബസി ഉദ്യോഗസ്ഥരും സര്‍ക്കാര്‍ കേന്ദ്രങ്ങളും ഇതേപ്പറ്റി മൗനം പാലിക്കുകയാണ്. ചന്ദ്രിക കുമാരതുംഗെ, പ്രതിപക്ഷ നേതാവ് റനില്‍ വിക്രമസിംഗെ എന്നിവരുമായി കഴിഞ്ഞയാഴ്ച നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എല്‍ടിടിഇ നേതാവ് ആന്റണ്‍ ബാലസിംഗവുമായി ചര്‍ച്ചയുടെ കാര്യം താന്‍ സംസാരിച്ചുറപ്പിച്ചതായി സോളിം പറഞ്ഞതായാണ് ശ്രീലങ്കന്‍ ദേശീയ ടെലിവിഷന്‍ സംപ്രേഷണം ചെയ്തത്.
സോളിം രണ്ടു കക്ഷികളേയും അടുപ്പിക്കാന്‍ ശക്തമായി ശ്രമിക്കുന്നതിനാല്‍ ഈ വാര്‍ത്ത ശരിയായിരിക്കാമെന്ന് സര്‍ക്കാരിന്റെ വാര്‍ത്തവകുപ്പ് മേധാവി അരിസ് റുബസിംഗെ പറഞ്ഞു. നോര്‍വെയുടെ സംഭാഷണശ്രമങ്ങളെ അനുകൂലിക്കുന്നതായി യുഎസ് പ്രസിഡന്റ് ബുഷ് നേരത്തെ പ്രസ്താവിച്ചിരുന്നു.












Click it and Unblock the Notifications