ജീവിച്ചിരിക്കുന്ന വോട്ടര്‍ മരിച്ചെന്ന്
തിരുവനന്തപുരം: ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഇനി ആരുടെയെങ്കിലും മുമ്പില്‍ തെളിയിക്കണോ..? വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡും രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കിയ പോളിംഗ് സ്ലിപ്പുമായി തിരുവനന്തപുരത്ത് പാപ്പനംകോടുള്ള ബൂത്തിന്റെ മുന്നില്‍ നിന്ന് ബി ദാമോദരന്‍ ചോദിച്ചു.
തിരിച്ചറിയല്‍ കാര്‍ഡും പോളിംഗ് സ്ലിപ്പുമായി വന്നെങ്കിലും ദാമോദരന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ട് നിഷേധിക്കുകയായിരുന്നു. കമ്മീഷന്‍ അംഗീകരിച്ച ലിസ്റ്റില്‍ പേരില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉദ്യേഗസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനായ ദാമോദരനെ വോട്ട് രെഖപ്പെടുത്തുന്നതില്‍ നിന്നും വിലക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണത്തില്‍ ദാമോദരന്‍ മരിക്കുകയോ സ്ഥലം വിടുകയോ ചെയ്തതായി അറിഞ്ഞുവെന്നും അതിനാല്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കിയെന്നുമായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
എന്നാല്‍, തന്റെ ഭാര്യയുടെയും മകളുടെയും പേര് പട്ടികയില്‍ ഉള്ളപ്പോള്‍ താന്‍ എങ്ങനെ മരിച്ചുവെന്ന് മനസിലാകാതെ കുഴങ്ങുകയാണ് ദാമോദരന്‍.
ദാമോദരന്റേത് ഒറ്റപ്പെട്ട സംഭവമാകില്ല. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍പട്ടികയില്‍ നിന്നും പത്തു ലക്ഷത്തോളം പേരുകള്‍ മരിച്ചു, സ്ഥലം മാറിപ്പോയി എന്നീ കാരണങ്ങളാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒഴിവാക്കിയിരുന്നു. ശരിയായ അന്വേഷണം നടത്തിയാണ് ഇങ്ങനെ പേരുകള്‍ ഒഴിവാക്കിയിരിക്കുന്നതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശവാദത്തിന്റെ മുനയൊടിക്കുകയാണ് വ്യാഴാഴ്ച വോട്ട് ചെയ്യാനെത്തി , കഴിയാതെ മടങ്ങിപ്പോയ ദാമോദരനെപ്പോലുള്ള നിരവധി വോട്ടര്‍മാര്‍.












Click it and Unblock the Notifications