സുരേഷ്ഗോപി വോട്ട് ബഹിഷ്കരിച്ചു
തിരുവനന്തപുരം: ഭാര്യാമാതാവ് ഇന്ദിരയുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്തതില്‍ പ്രതിഷേധിച്ച് ചലച്ചിത്രതാരം സുരേഷ്ഗോപി വോട്ട് ചെയ്തില്ല.
മെയ് പത്ത് വ്യാഴാഴ്ച വോട്ട് ചെയ്യാനായി കുടുംബസമേതം ശാസ്തമംഗലം എന്‍എസ്എസ് സ്കൂളിലെ പോളിംഗ് ബൂത്തിലെത്തിയപ്പോഴാണ് ഭാര്യാമാതാവ് ഇന്ദിരാ രാജശേഖരന്റെ പേര് പട്ടികയില്‍ ഇല്ലെന്ന് മനസിലായത്. ഇവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡുണ്ടായിരുന്നു.
ആദ്യം വോട്ട് ചെയ്യാന്‍ എത്തിയ സുരേഷ്ഗോപിയുടെ വിരലില്‍ മഷിപുരട്ടിയ ശേഷമാണ് വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയത്. ഭാര്യാമാതാവിന് വോട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച വിവരം അറിഞ്ഞതോടെയാണിത്. സുരേഷിനൊപ്പം വോട്ടു ചെയ്യാതെ ഭാര്യ രാധികയും ഭാര്യാമാതാവ് ഇന്ദിരാ രാജശേഖരനും മടങ്ങി.
ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താതിരുന്നിട്ടില്ലെന്നും വോട്ടു ചെയ്യാന്‍ വേണ്ടി മാത്രമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. വോട്ടവകാശം നിഷേധിച്ചത് ജനാധിപത്യ അവകാശധ്വംസനമാണെന്നും ഇതിനെതിരെ നിമയനടപടി സ്വീകരിക്കുമെന്നും സുരേഷ്ഗോപി പറഞ്ഞു. സുപ്രീം കോടതി വരെ പോകേണ്ടിവന്നാല്‍ അതും ചെയ്യും. വോട്ടവകാശം നിഷേധിച്ച സംസ്ഥാനത്തെ 11 ലക്ഷം ജനങ്ങള്‍ക്ക് വേണ്ടിയാണിത്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതു വരെ താന്‍ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ ഭാര്യയുടെ മുത്തശ്ശിയും നടിയുമായ ആറന്‍മുള പൊന്നമ്മയും ഇത്തവണ വോട്ടുചെയ്തില്ല. ശാരീരികാസ്വാസ്ഥ്യമായിരുന്നു ഇതിന് കാരണം. സാഹിത്യ സിനിമാ മേഖലയിലെ പലരും ഇത്തവണ വോട്ടു ചെയ്യാന്‍ കൂട്ടാക്കിയില്ല. പ്രമുഖ നിരൂപകന്‍ എം. കൃഷ്ണന്‍നായര്‍ വോട്ട് രേഖപ്പെടുത്തിയില്ല. നടക്കാനുള്ള പ്രയാസമാണ് വോട്ടിംഗില്‍ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ശാസ്തമംഗലത്തായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ വോട്ടു ചെയ്യാന്‍ പോയിരുന്നു. പെരുമ്പടവം ശ്രീധരന്‍ ഇത്തവണയും വോട്ട് ചെയ്തില്ല. ചലച്ചിത്രനടി ചിപ്പി ബാംഗ്ലൂരിലായതിനാല്‍ വോട്ടു ചെയ്തില്ല. സാഹിത്യകാരി ഹൃദയകുമാരിയും ഇത്തവണ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പല ബൂത്തുകളിലും തിരിച്ചറിയല്‍ കാര്‍ഡുള്ളവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ഇല്ലാത്തത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.












Click it and Unblock the Notifications