രണ്ട് ഹിന്ദുജമാര്‍ക്ക് ഇന്ത്യ വിടാം
ദില്ലി: ബോഫോഴ്സ് കൈക്കൂലിക്കേസില്‍ സിബിഐ പ്രത്യേക കോടതി മുമ്പാകെ വിചാരണ നേരിടുന്ന മൂന്ന് ഹിന്ദുജ സഹോദരന്മാരില്‍ രണ്ടു പേര്‍ക്ക് ഇന്ത്യ വിടാന്‍ സുപ്രീംകോടതി അനുവാദം നല്‍കി.
15 കോടി രൂപയുടെ ബാങ്ക് ഗാരണ്ടി സമര്‍പ്പിക്കണമെന്ന ഉപാധിയോടെയാണ് ജി.പി. ഹിന്ദുജ, എസ്.പി. ഹിന്ദുജ എന്നിവര്‍ക്ക് ഇന്ത്യ വിടാന്‍ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ച് മെയ് 12 ശനിയാഴ്ച അനുവാദം നല്‍കിയത്. കേസില്‍ പ്രതിയായ മൂന്നാമത്തെ സഹോദരന്‍ പി.പി. ഹിന്ദുജയ്ക്ക് വിദേശത്തേയ്ക്കു പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടില്ല.
ബോഫോഴ്സ് കേസില്‍ സി ബി ഐ പ്രത്യേക കോടതിയില്‍ വിചാരണ നേരിടാന്‍ ലണ്ടനില്‍ നിന്നും ഇന്ത്യയിലെത്തിയ ഹിന്ദുജ സഹോദരന്മാര്‍ വിചാരണ പൂര്‍ത്തിയാവുന്നതു വരെ ഇന്ത്യ വിടാന്‍ പാടില്ലെന്ന വിചാരണ കോടതിയുടെ ഉത്തരവ് ദില്ലി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരേ ഹിന്ദുജ സഹോദന്മാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജിയിന്മേലാണ് കോടതിയുടെ തീരുമാനം.
ആഗസ്ത് 20 വരെ ഹിന്ദുജമാരെ ഇന്ത്യ വിടാന്‍ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് നിലനില്‍ക്കുമെന്ന് ജസ്റ്റീസ് എം.ബി. ഷാ, ജസ്റ്റീസ് വൈ.കെ. സബര്‍വാള്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ആഗസ്ത് ഏഴിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications