വോട്ടെണ്ണല്‍ ഒരുക്കങ്ങള്‍ നടന്നുവരുന്നു
തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. സുരക്ഷാസന്നാഹങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്.
മെയ് 13 രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ഒമ്പതു മണിക്ക് മുമ്പുതന്നെ ആദ്യറൗണ്ട് ഫലം അറിയാന്‍ കഴിയും. പിന്നെയുള്ള ഓരോ പത്തു മിനിറ്റിലും ഓരോ റൗണ്ട് വീതം കണക്കാക്കി കഴിയും. ശരാശരി 17 റൗണ്ടുണ്ടെന്നു കണക്കാക്കിയാലും മറ്റു തടസങ്ങളൊന്നുമില്ലെങ്കില്‍ 12 മണിക്കു മുമ്പ് എല്ലാ റൗണ്ടും പൂര്‍ത്തിയാകും. ഒരു മണിക്കു മുമ്പ് എല്ലാ ഫലവും അറിയാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ തടസവാദങ്ങള്‍ ഉയരുമെന്നു തന്നെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. മിക്ക മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുടെ ഏജന്റുമാര്‍ക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയമാണ്. പെട്ടെന്ന് തീരുമാനിക്കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും കഴിയില്ല. അതുകൊണ്ട് ഫലം വൈകാനാണ് സാധ്യത.
രണ്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പ് നിരീക്ഷകനെ നിയോഗിച്ചിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
യന്ത്രത്തകരാറുണ്ടെങ്കില്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകും. എന്ത് തകരാറുണ്ടെങ്കിലും ചെയ്ത വോട്ടുകള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റില്‍ തന്നെയുണ്ടാവുമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ഈ കണ്‍ട്രോള്‍ യൂണിറ്റ് മാത്രമേ ടേബിളുകളിലുണ്ടാവുകയുള്ളൂ. ഇതിന്റെ സീല്‍ സ്ഥാനാര്‍ഥികളുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് ഇളക്കുന്നത്. റിസല്‍ട്ട് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ആദ്യം മൊത്തം രേഖപ്പെടുത്തിയ വോട്ടും തുടര്‍ന്ന് ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടും ഡിസ്പ്ലേ പാനലില്‍ തെളിയും.












Click it and Unblock the Notifications