Get Updates
Get notified of breaking news, exclusive insights, and must-see stories!

സി ഐ ടി യു ആഞ്ഞുവെട്ടി, സി പി എമ്മിന് പോയത് 12 സീറ്റ്

തിരുവനന്തപുരം: ഭരണത്തിനെതിരേ ജനങ്ങളുടെ അമര്‍ഷമായാണ് ഇടതുമുന്നണിയുടെ വമ്പന്‍ പരാജയം കണക്കാക്കപ്പെടുന്നതെങ്കിലും മുന്നണിയിലെ വല്യേട്ടനായ സി പി എമ്മില്‍ പുകഞ്ഞു നീറിക്കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളും മുന്നണിയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്ന വസ്തുത കൂടുതല്‍ വ്യക്തമാണ്.

പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ ഭാഗമായി സി ഐ ടി യു നടപ്പാക്കിയ ഹിറ്റ്ലിസ്റ്റ് പ്രകാരം സി പി എമ്മിന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ 12 സീറ്റുകളാണ് നഷ്ടമായിരിക്കുന്നത്. ഇവയില്‍ ഏഴ് സീറ്റുകള്‍ പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റുകളുമായിരുന്നു.

പാര്‍ട്ടിയിലെ ഇപ്പോഴത്തെ ഔദ്യോഗിക നേതൃത്വത്തിനോട് സി ഐ ടി യു വിഭാഗത്തിനുള്ള നീരസം തിരഞ്ഞെടുപ്പിന് വളരെ മുന്നേ തന്നെ പ്രകടമായിരുന്നു. ഇത്തവണ സീറ്റ് നിര്‍ണയത്തിലും ഈ വിഭാഗത്തിന് ഒട്ടും പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. സി ഐ ടി യു വിലെ വിമതവിഭാഗം നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികളെയെല്ലാം ഔദ്യാേേഗിക നേതൃത്വം തള്ളിക്കളയുകയും പകരം തങ്ങള്‍ക്ക് ഒട്ടും ഹിതകരമല്ലാത്ത സ്ഥാനാര്‍ത്ഥികളെ മിക്ക മണ്ഡലങ്ങളിലും അടിച്ചേല്‍പ്പിക്കുകയുമായിരുന്നു.

തങ്ങള്‍ക്ക് സ്വീകാര്യരല്ലാത്ത 16 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ വെട്ടിനിരത്താന്‍ സിഐടിയു ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയിരുന്നു. ഇക്കൂട്ടത്തില്‍ പക്ഷേ, മലമ്പുഴയില്‍ മത്സരിക്കുന്ന വിഎസ് അച്യുതാനന്ദന്‍ ഇല്ലായിരുന്നു.

വിഎസിന്റെ 16 വിശ്വസ്തരാണ് സി ഐ ടി യു പക്ഷത്തിന്റെ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്നത്. .പാലക്കാട് സമ്മേളനത്തില്‍ സിഐടിയുക്കാരെ അടിച്ചമര്‍ത്താന്‍ വിഎസിനൊപ്പം നിന്നവരാണ് ഈ പതിനാറു പേരും.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ മത്സരിച്ച കടകംപള്ളി സുരേന്ദ്രന്‍, വാമനപുരത്ത് മത്സരിച്ച പിരപ്പന്‍കോട് മുരളി, വര്‍ക്കലയില്‍ മത്സരിച്ച പി.കെ. ഗുരുദാസന്‍, പാറശാലയില്‍ മത്സരിച്ച ആര്‍ ശെല്‍വരാജ്, കൊല്ലം ജില്ലയിലെ കുണ്ടറയില്‍ മത്സരിച്ച ജെ. മേഴ്സിക്കുട്ടിയമ്മ, ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ മത്സരിച്ച സി.കെ. സദാശിവന്‍, ഹരിപ്പാട് മത്സരിച്ച ടി.കെ. ദേവകുമാര്‍, അരൂരില്‍ മത്സരിച്ച കെ.വി. ദേവദാസ്, എറണാകുളം ജില്ലയിലെ എറണാകുളത്ത് മത്സരിച്ച സെബാസ്റ്റ്യന്‍ പോള്‍, ഞാറയ്ക്കലില്‍ മത്സരിച്ച എം.കെ. പുരുഷോത്തമന്‍, വടക്കേക്കരയില്‍ മത്സരിച്ച പി. രാജീവ്, പിറവത്ത് മത്സരിച്ച ഗോപി കോട്ടമുറിക്കല്‍, തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ. ചന്ദ്രന്‍പിള്ള, തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ മത്സരിച്ച ടി. ശശിധരന്‍, പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ മത്സരിച്ച വി. ചെന്താമരാക്ഷന്‍, കോഴിക്കോട് ജില്ലയിലെ മേപ്പയൂരില്‍ മത്തായി ചാക്കോ എന്നിവരെ പരാജയപ്പെടുത്താനായിരുന്നു സിഐടിയു പക്ഷം രഹസ്യമായി അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ഇവരില്‍ നാലു പേര്‍ ഒഴിച്ച് ബാക്കി എല്ലാവരും പരാജയപ്പെട്ടിരിക്കുകയാണ്. മേപ്പയൂരില്‍ മത്തായി ചാക്കോ, ആലത്തൂരില്‍ വി ചെന്താമരാക്ഷന്‍, ഹരിപ്പാട്ട് ടി കെ ദേവകുമാര്‍, വാമനപുരത്ത് പിരപ്പന്‍കോട് മുരളി എന്നിവര്‍ മാത്രമാണ് സി ഐ ടി യു ഹിറ്റ്ലിസ്റ്റില്‍ നിന്നും രക്ഷപ്പെട്ടവര്‍.

അച്യുതാനന്ദന്റെ അടുത്ത അനുയായികളായ സി പി എം സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം പി കെ ഗുരുദാസന്‍, കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ത്ഥി 25,000ല്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ച വര്‍ക്കലയിലാണ് ഇത്തവണ ദയനീയമായി പരാജയപ്പെട്ടത്.

തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരേ ഏറെ പ്രതീക്ഷകളോടെസി പി എം മത്സരിപ്പിച്ച സി ഐ ടി യു സംസ്ഥാനസെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും ദയനീയമായി പരാജയപ്പെടുകയായിരുന്നു. സി ഐ ടി യു വിമത വിഭാഗത്തിനെതിരേ എന്നും ഔദ്യോഗിക പക്ഷത്തിനൊപ്പം നിലകൊണ്ടിരുന്ന ചന്ദ്രന്‍പിള്ളയെ തങ്ങളുടെ വര്‍ഗശത്രുവായാണ് സി ഐ ടി യു പക്ഷം കണക്കാക്കിയിരിക്കുന്നത്. മുന്‍ തവണകളിലേതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിനാണ് കെ ബാബു ഇത്തവണ വിജയിച്ചിരിക്കുന്നത്.

സി ഐ ടി യു പക്ഷത്തിന്റെ മറ്റൊരു പ്രധാന ശക്തി കേന്ദ്രമായ ആലുവ നിയോജകമണ്ഡലത്തിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥി വന്‍ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു. കോണ്‍ഗ്രസിലെ കെ മുഹമ്മദാലിയ്ക്കെതിരേ ആലുവ മുനിസിപ്പല്‍ ചെയര്‍മാനും യുവതിയുമായ സാജിതയെ രംഗത്തിറക്കിയിട്ടും സി പി എമ്മിന് പിടിച്ചുനില്‍ക്കാനായില്ല.

മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ശാക്തിക ധ്രുവീകരണങ്ങള്‍ കണക്കാക്കിയാല്‍ എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ സി ഐ ടി യു പക്ഷത്തിനാണ് അണികള്‍ക്കിടയില്‍ ആധിപത്യം. അതിനാല്‍ ഈ ജില്ലകളില്‍ പാര്‍ട്ടി ഔദ്യോഗിക നേതൃത്വത്തിനെതിരേ സി ഐ ടി യു നേതൃത്വം കൈക്കൊള്ളുന്ന നടപടികള്‍ക്ക് സി ഐ ടി യു അണികളുടെ പിന്തുണ കിട്ടിപ്പോന്നിരുന്നു. ഇതിന് അടിവരയിട്ടുകൊണ്ടാണ് 12 സി പി എം സ്ഥാനാര്‍ത്ഥികള്‍ ഇത്തവണ ഈ മേഖലയില്‍ പരാജയപ്പെട്ടിരിക്കുന്നത്.

ഇതാണ് ഇത്തവണ സി ഐ ടി യു ആഞ്ഞുവെട്ടി കാണിച്ചുകൊടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ വി എസ് അച്യുതാനന്ദന്‍ പരാജയപ്പെട്ട മാരാരിക്കുളത്ത് ഇത്തവണ സി പി എം സ്ഥാനാര്‍ത്ഥി തോമസ് ഐസക് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചുവെന്നതും ശ്രദ്ധേയമാണ്.

മാരാരിക്കുളത്ത് കഴിഞ്ഞ തവണ ഏറ്റ പരാജയത്തിന്റെ കറ കഴുകിക്കളയാന്‍ ഇത്തവണ മലമ്പുഴയിലിറങ്ങിയ വി എസ് അച്യുതാനന്ദന്‍ വിജയിച്ചുവെങ്കിലും മണ്ഡലത്തില്‍ പാര്‍ട്ടിയുടെ വോട്ട് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വെറും 4680 വോട്ടാണ് വി എസിന്റെ ഭൂരിപക്ഷം. കഴിഞ്ഞ തവണ ടി ശിവദാസമേനോന്‍ 18,779 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ഇവിടെ ഇത്തവണ വി എസ് നിന്നിട്ടും സി പി എമ്മിന് ചോര്‍ന്നത് 14,000 ല്‍പ്പരം വോട്ടുകള്‍. ഹിറ്റ്ലിസ്റ്റില്‍ പ്രതിയാക്കിയിരുന്നില്ലെങ്കിലും മലമ്പുഴയില്‍ മറ്റൊരു മാരാരിക്കുളം ആവര്‍ത്തിക്കാന്‍ ശ്രമം നടന്നതിന്റെ ലക്ഷണങ്ങള്‍ വ്യക്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+