Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസില്‍ ഇനി അണിയറ യുദ്ധം

ബാംഗ്ലൂര്‍: തിരഞ്ഞെടുപ്പിലെ അങ്കം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു ഡി എഫ് വിജയിച്ചിരിക്കുകയാണ്. 140 അംഗ നിയമസഭയില്‍ 99 സീറ്റോടെ മുന്നണി അധികാരത്തിലെത്തി. ഇനി പ്രശ്നം മന്ത്രിസഭാ രൂപീകരണമാണ്. മുഖ്യമന്ത്രി ആരായിരിക്കുമെന്നതിനെപ്പറ്റി കോണ്‍ഗ്രസ് അണിയറയില്‍ നടക്കാനുള്ള കളികളിലേയ്ക്കാണ്് ഇനി കേരളം ഉറ്റുനോക്കുന്നത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഹൈക്കമാണ്ട് തീരുമാനിക്കുമെന്ന ഒത്തുതീര്‍പ്പിന്മേലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ തര്‍ക്കങ്ങള്‍ താത്കാലികമായി അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്.

പക്ഷേ, ഒത്തുതീര്‍പ്പ് ഫോര്‍മുലയില്‍ വിജയം കണ്ടത് സാക്ഷാല്‍ ലീഡര്‍ കെകരുണാകരന്‍ തന്നെ. അവസാനഘട്ടത്തില്‍ ആന്റണി വിഭാഗം മനസില്‍ കണ്ടിരുന്ന നാല് മണ്ഡലങ്ങളാണ് കരുണാകരന്‍ പിടിച്ചെടുത്തത്. അങ്ങനെ ഇരു ഗ്രൂപ്പുകളും 37 വീതം സീറ്റുകള്‍ മത്സരിക്കാന്‍ വീതം വച്ചു. മൂന്നും നാലും ഗ്രൂപ്പുകള്‍ക്ക് അവരുടെ പങ്കും കരുണാകരന്റെ എതിര്‍പ്പു വകവയ്ക്കൊതെ ആന്റണിയും ഹൈക്കമാണ്ടും ചേര്‍ന്ന് നല്‍കി.

ആദ്യ ലിസ്റ്റില്‍ മുന്‍തൂക്കമുണ്ടായിരുന്ന ആന്റണി ഗ്രൂപ്പിന്‍ നിന്നും നാല് സീറ്റുകള്‍ പിടിച്ചെടുത്താണ് കരുണാകരപക്ഷം ഇതിനെതിരേ പ്രതികരിച്ചത്. പിടിച്ചെടുത്തതുള്‍പ്പെടെ തങ്ങളുടെ സീറ്റുകളില്‍ കൂടുതല്‍ വിജയമുറപ്പിക്കാന്‍ ശ്രമിച്ചതിന് ഫലമുണ്ടായിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.

വിജയിച്ചതേറെയും ഐ ഗ്രൂപ്പുകാര്‍

37 ല്‍ 27 ഐ ഗ്രൂപ്പുകാരാണ് ജയിച്ചു കയറിയത്. എന്നാല്‍, എ ഗ്രൂപ്പിന് 24 സ്ഥാനാര്‍ത്ഥികളെയേ വിജയിപ്പിക്കാനായുള്ളൂ. അങ്ങനെ എം എല്‍ എ മാരുടെ തലയെണ്ണലില്‍ നേരിട്ടുള്ള മത്സരത്തില്‍ വിജയം കരുണാകരന്.

ഇവിടെയാണ് കോണ്‍ഗ്രസിലെ മൂന്നും നാലും ഗ്രൂപ്പുകളുടെ പ്രകടനം നിര്‍ണായകമാകുന്നത്. മൂന്നാം ഗ്രൂപ്പെന്ന് അറിയപ്പെടുന്ന തിരുത്തല്‍വാദി വിഭാഗത്തിന് ഏഴ് എം എല്‍ എ മാരെ കിട്ടി. വയലാര്‍ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പിന് മൂന്നും. കേരളത്തിലെ ഒരു ഗ്രൂപ്പിലും പെടാതെ അഖിലേന്ത്യാ നേതാവ് അര്‍ജുന്‍ സിംഹിന്റെ സ്വാധീനത്തില്‍ സീറ്റുറപ്പിച്ച എം.പി. ഗംഗാധരനും ജയിച്ചു കയറിയിട്ടുണ്ട്.

നിര്‍ണാകമാകുന്ന മൂന്നും നാലും

ഒടുവില്‍ സമവാക്യങ്ങള്‍ ഒത്തു നോക്കുമ്പോള്‍ മൂന്നും നാലും ഗ്രൂപ്പുകളുടെ നിലപാട് ഹൈക്കമാണ്ടിനു മുന്നില്‍ നിര്‍ണായകമാകുന്ന അവസ്ഥയാണ് ഇപ്പോഴത്തേത്. തിരുത്തല്‍ വാദി, നാലാം ഗ്രൂപ്പുകളുടെ നേതാക്കന്മാര്‍ കരുണാകരനെതിരായ നിലപാടാണ് 1995 ലെ അധികാരക്കൈമാറ്റത്തിനു ശേഷം ഇതു വരെ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇവരുടെ പക്ഷത്തുള്ള എല്ലാ എം എല്‍ എ മാരും കരുണാകരന്റെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസില്‍ ഉയര്‍ന്നു വന്നവരാണ്. കരുണാകരന്‍ കൈയ്യൊന്ന് ഞൊടിച്ചാല്‍ ഇപ്പോഴും ഐ ഗ്രൂപ്പില്‍ തന്നെ തിരിച്ചെത്തുന്ന ആറ് എംഎല്‍എമാര്‍ ഇരു ഗ്രൂപ്പുകളിലുമായുണ്ട്.

ആശ്രിതവാത്സല്യത്തിന്റെ കാര്യത്തില്‍ എ.കെ. ആന്റണിയെക്കാള്‍ എന്നും വിശ്വസിക്കാവുന്ന കരുണാകരന്റെ വാത്സല്യം വേണ്ടുമോളമനുഭവിച്ച ഇവര്‍ കരുണാകരന് അനുകൂലമായി നിലപാടെടുത്താല്‍, ഹൈക്കമാണ്ടിന് കരുണാകരന്റെ വാദങ്ങള്‍ കണക്കിലെടുക്കേണ്ടി വരും.

കേമന്‍ താനെന്ന് കരുണാകരന്‍ തെളിയിച്ചു

കേരള രാഷ്ട്രീയത്തില്‍ സംഗതികള്‍ അനുകൂലമാകുന്ന സാഹചര്യത്തില്‍ ആരെയും ജയിപ്പിക്കാനും തോല്‍പ്പിക്കാനും താനാണ് ഇപ്പോഴും കേമന്‍ എന്ന് കരുണാകരന്‍ ഈ തിരഞ്ഞെടുപ്പിലൂടെ എല്ലാവരെയും ബോധിപ്പിച്ചു എന്നതിന് തെളിവാണ് ആറന്മുളയില്‍ മാലേത്ത് സരളാദേവി, വടക്കേക്കരയില്‍ എം.എ. ചന്ദ്രശേഖരന്‍, പേരാവൂരില്‍ എ.ഡി. മുസ്തഫ എന്നിവരുടെ ഉജ്ജ്വലവിജയം.

തന്നെ വേദനിപ്പിച്ചാലും താന്‍ ക്ഷമിക്കും പക്ഷേ, തന്റെ കൂടെ നില്‍ക്കുന്നവരോടുള്ള അവഗണന സഹിക്കില്ലെന്ന് പറഞ്ഞ് കരുണാകരന്‍ ഹൈക്കമാണ്ടില്‍ നിന്നും എ ഗ്രൂപ്പില്‍ നിന്നും പിടിച്ചുവാങ്ങിയ ഈ മൂന്ന് സീറ്റിലും കരുണാകരന്റെ നിര്‍ബന്ധബുദ്ധി വിജയിച്ചിരിക്കുകയാണ്. പ്രചാരണത്തിന്റെ അവസാനദിവസം ഹെലികോപ്ടര്‍ പിടിച്ച് ഈ മൂന്നു മണ്ഡലങ്ങളിലും പ്രചാരാണം നടത്തിയ കരുണാകരന്റെ വിജയിപ്പിക്കല്‍ സ്റ്റൈല്‍ ആന്റണിയ്ക്കും ഹൈക്കമാണ്ടിനും മുന്നറിയിപ്പാണ്.

മുഖ്യമന്ത്രിയെ എംഎല്‍മാര്‍ തീരുമാനിക്കുമെന്നാണ് പ്രചാരണത്തിന്റെ എല്ലാ ഘട്ടത്തിലും കരുണാകരന്‍ പറഞ്ഞിരുന്നത്. ഹൈക്കമാണ്ട് തീരുമാനിക്കുന്ന ആളായിരിക്കും മുഖ്യമന്ത്രിയെന്ന് ആന്റണി വിഭാഗം പറഞ്ഞുവന്നിരുന്നത് കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു. പക്ഷേ, ഇപ്പോള്‍ കരുണാര പക്ഷത്തിന്റെ വന്‍വിജയം ആന്റണിയുടെ മുഖ്യമന്ത്രി സ്ഥാനമോഹത്തിന് പാരയാകുമെന്നത് തീര്‍ച്ച.

ഇനിയും മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന ലീഡറുടെ പ്രസ്താവന കൂടി കൂട്ടി വായിക്കുമ്പോള്‍, മുഖ്യമന്ത്രിസ്ഥാനത്തിനു വേണ്ടി അദ്ദേഹം കരുനീക്കം നടത്തുമെന്ന കാര്യം ഉറപ്പ്.

ഇനി ഒരു ഒത്തുതീര്‍പ്പു ഫോര്‍മുല ഉണ്ടാക്കിയാലും പാര്‍ട്ടിയില്‍ താന്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമാണ് അവസാന വാക്കെന്ന് കരുണാകരന്‍ ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തും. ഒന്നുകില്‍ മുഖ്യമന്ത്രിസ്ഥാനം, അല്ലെങ്കില്‍ സംഘടനയിലും ഭരണത്തിലും മേല്‍ക്കൈ, ഇതിലേതെങ്കിലുമൊന്ന് കരുണാകരന്‍ നേടിയിരിക്കും.

കെ. മുരളീധരന് കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഏതാണ്ട് ഉറപ്പിച്ച്, തിരഞ്ഞെടുപ്പിനു മുമ്പ് ഹൈക്കമാണ്ടുമായി അനുരഞ്ജനത്തിനു സമ്മതം മൂളിയ കരുണാകരന്‍ പോലും യുഡിഎഫിനും കോണ്‍ഗ്രസിനും തന്റെ ഗ്രൂപ്പിനും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നിരിക്കില്ല. ഇനി ഇത്രയുമായ സ്ഥിതിയ്ക്ക് 1995 ല്‍ തനിക്ക് പൂര്‍ത്തിയാക്കാനാവാതെ പോയ മുഖ്യമന്ത്രി കാലാവധി പൂര്‍ത്തിയാക്കാനുള്ള മോഹം കരുണാകരന്‍ വീണ്ടുമെടുത്താല്‍, ഹൈക്കമാണ്ടിനും ആന്റണി ഗ്രൂപ്പിനും താത്കാലികമായെങ്കിലും അത് സമ്മതിച്ചു കൊടുക്കേണ്ടി വരും. കാരണം , താന്‍ ജനകീയനാണെന്നും തന്റെ പക്ഷത്താണ് ആള്‍ കൂടുതലെന്നും ലീഡര്‍ ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുകയാണ്.

1

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+