പാമോയില്‍ തീരുവ കുറച്ചേക്കും
കൊലാലംപൂര്‍: ഇന്ത്യയിലേക്ക് മലേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ തീരുവ കുറയ്ക്കണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പ്രധാനമന്ത്രി വാജ്പേയിയോട് ആവശ്യപ്പെട്ടു.
ഇതിനെ തുടര്‍ന്ന് ഇറക്കുമതി ചെയ്യുന്ന പാമോയിലിന്റെ തീരുവ കുറയ്ക്കുമെന്ന് വാജ്പേയി മലേഷ്യന്‍ പ്രധാനമന്ത്രിക്ക് ഉറപ്പു കൊടുത്തിരിക്കുകയാണ്. വെളിച്ചെണ്ണയുടെ വിലയിടിവില്‍ നിന്നും കേരളത്തിലെ കേര കര്‍ഷകരെ രക്ഷിക്കാനാണ് പാമോയില്‍ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചത്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമായ മലേഷ്യയുടെ പ്രധാന മാര്‍ക്കറ്റും ഇന്ത്യയാണ്. പാമോയിലിന്റെ തീരുവ കുറയ്ക്കുന്നതിന് പകരമായി മലേഷ്യയിലേക്കുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടത്ര സൗകര്യമൊരുക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലേഷ്യയിലേക്ക് 43 കോടിയിലധികം ഡോളറിന്റെ ചരക്കുകള്‍ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.
പാമോയിലിന് എതിരായ സമരങ്ങളും വെളിച്ചെണ്ണ ഉല്‍പാദകരുടെ എതിര്‍പ്പും ഇന്ത്യയിലേക്കുള്ള പാമോയില്‍ ഇറക്കുമതിയെ ബാധിച്ചതിനാല്‍ തീരുവ കുറയ്ക്കണമെന്ന് മെയ് 14 തിങ്കളാഴ്ച നടത്തിയ ഒരു വിരുന്നില്‍ വച്ച് മഹാതിര്‍ വാജ്പേയിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി വാജ്പേയി ഇപ്പോള്‍ മലേഷ്യയില്‍ പര്യടനം നടത്തുകയാണ്.












Click it and Unblock the Notifications