മക്ഡൊണാള്‍ഡ്സിനെതിരെ ശിവസേന പ്രക്ഷോഭം തുടരും
മുംബൈ: മക്ഡൊണാള്‍ഡ്സ് കമ്പനിയുടെ ഭക്ഷ്യഉത്പന്നമായ ഫ്രഞ്ച് ഫ്രൈസില്‍ മൃഗത്തിന്റെ കൊഴുപ്പില്ലെന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അതേ സമയം മക്ഡൊണാള്‍ഡ്സ് പുറത്തിറക്കുന്ന ഫ്രഞ്ച് ഫ്രൈസില്‍ മൃഗക്കൊഴുപ്പുണ്ടെന്ന് ആരോപിച്ച് പ്രക്ഷോഭം നടത്തിവരുന്ന ശിവസേനയും ബജ്രംഗ്ദളും പരിശോധനാഫലം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും പ്രക്ഷോഭം തുടരുമെന്നും വ്യക്തമാക്കി.
മക്ഡൊണാള്‍സിന്റെ ഫ്രഞ്ച് ഫ്രൈസില്‍ പോത്തിന്റെ കൊഴുപ്പ് കലര്‍ത്തിയിട്ടുണ്ടെന്ന ആരോപണം ആദ്യമുയര്‍ന്നത് യുഎസ്സിലായിരുന്നു. തുടര്‍ന്ന് അമേരിക്കയിലെ ഇന്ത്യക്കാര്‍ മക്ഡൊണാള്‍ഡ്സിനെതിരെ കോടതിയെ സമീപിച്ചു.
മക്ഡൊണാള്‍ഡ്സിനെതിരെ പ്രക്ഷോഭം ആരംഭിച്ച ശിവസേനയും ബജ്രംഗ്ദളും മക്ഡൊണാള്‍ഡ്സിന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കുകയും കമ്പനിയുടെ ഉത്പന്നങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഒട്ടേറെ സമരക്കാരെ പൊലീസ് അറസ്റ് ചെയ്തു.
ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനും നടത്തിയ ലാബട്ടറി പരിശോധനയിലാണ് ഫ്രഞ്ച് ഫ്രൈസില്‍ മൃഗക്കൊഴുപ്പില്ലെന്ന് കണ്ടെത്തിയത്. എന്നാല്‍ പരിശോധനാ ഫലം തട്ടിപ്പാവാമെന്നും പ്രക്ഷോഭം തുടരുമെന്നുമാണ് ശിവസേനയുടെയും ബജ്രംഗ്ദളിന്റെയും നിലപാട്.












Click it and Unblock the Notifications