14ല്‍ കൂടുതല്‍ മന്ത്രിമാര്‍ ഉണ്ടാകും: ആന്റണി
തിരുവനന്തപുരം: മെയ് 17 വ്യാഴാഴ്ച അധികാരമേല്‍ക്കുന്ന തന്റെ മന്ത്രിസഭയില്‍ 14ല്‍ കൂടുതല്‍ അംഗങ്ങളുണ്ടാകുമെന്ന് നിയുക്ത മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. യുഡിഎഫ് നിയമസഭാ കക്ഷിനേതാവായി തന്നെ തിരഞ്ഞെടുത്ത വിവരം ഗവര്‍ണറെ അറിയിക്കാനും പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ഉന്നയിക്കാനുമായി മെയ് 16 ബുധനാഴ്ച രാജ്ഭവനത്തിലെത്തിയ ആന്റണി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
മന്ത്രിമാരുടെ എണ്ണം കൂടിയതുകൊണ്ട് ചെലവ് വര്‍ദ്ധിക്കുമെന്ന ധാരണ തെറ്റാണ്. കൂടുതല്‍ മന്ത്രിമാരുണ്ടായാലും കുറവ് മന്ത്രിമാരുണ്ടായിരുന്ന മന്ത്രിസഭയേക്കാള്‍ ചെലവ് കുറയ്ക്കാവുന്നതേയുള്ളൂ - ഇടതുമന്ത്രിസഭയില്‍ 14 അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ആന്റണി പറഞ്ഞു.
രണ്ടു ഘട്ടമായാണ് തന്റെ മന്ത്രിസഭ അധികാരമേല്‍ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച മുഖ്യമന്ത്രിയോടൊപ്പം എല്ലാ ഘടകകക്ഷിയില്‍ നിന്നും ഓരോരുത്തര്‍ വീതം സത്യപ്രതിജ്ഞ ചെയ്യും.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ മന്ത്രിസഭാ വിപുലീകരണം വൈകിക്കില്ലെന്നും മന്ത്രിസഭയുടെ ആദ്യനാളുകള്‍ ഒട്ടും ശോഭനമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എത്രയും പെട്ടെന്ന് അധികാരമേറ്റെടുത്ത് ഓരോ മന്ത്രിമാരും ഭഗീരഥ പ്രയത്നം നടത്തിയാല്‍ മാത്രമേ സംസ്ഥാനത്തെ രക്ഷിക്കാന്‍ സാധിക്കൂ.
ഖജനാവില്‍ ഒരു രൂപ പോലും ഇല്ലാത്ത സ്ഥിതിയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും പണമില്ല. ആശുപത്രികളില്‍ പാവപ്പെട്ടവര്‍ക്കായി മരുന്ന് എത്തിക്കാന്‍ സൗകര്യമില്ല. എത്ര ബുദ്ധിമുട്ടിയാലും എത്രയും പെട്ടെന്ന് ഇതിനൊക്കെ പരിഹാരം ഉണ്ടാക്കാനാകും തന്റെ മന്ത്രിസഭ ശ്രമിക്കുക എന്നും ആന്റണി വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 11 മണിയോടെ രാജ്ഭവനില്‍ എത്തിയ ആന്റണി അരമണിക്കൂറിലധികം ഗവര്‍ണറുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തിയും സന്നിഹിതനായിരുന്നു.


Click it and Unblock the Notifications