കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉഷസംഭവം: സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായില്ല

  • By Super
Google Oneindia Malayalam News

കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാല ജീവനക്കാരി പി ഇ ഉഷയ്ക്കെതിരേ അപവാദ പ്രചാരണം നടത്തി അവരെ പീഡിപ്പിച്ച സര്‍വകലാശാല ജീവനക്കാരന്‍ പ്രകാശനെതിരേ എന്തു നടപടി കൈക്കൊള്ളണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശമൊന്നും ഇതു വരെ നല്‍കിയിട്ടില്ലെന്ന് സര്‍വകലാശാലാ അധികൃതര്‍.

വനിതാകമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ള പ്രകാശനെതിരേ കൈക്കൊള്ളേണ്ട നടപടി പത്തു ദിവസത്തിനകം തീരുമാനിക്കണമെന്ന് മെയ് നാലിന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശിച്ച കാലാവധി മെയ് 14 തിങ്കളാഴ്ച കഴിഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍വകലാശാല എന്തു നടപടി കൈക്കൊള്ളണമെന്ന കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും ഇതു വരെ നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ. എം ബാവക്കുട്ടി അറിയിച്ചു.

പ്രകാശനെതിരേ നടപടി ആവശ്യപ്പെട്ട് പി ഇ ഉഷ സര്‍വകലാശാലാ ക്യാംപസില്‍ നിരാഹാര സത്യഗ്രഹം നടത്തിയപ്പോള്‍ മെയ് ഏഴിന് അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വൈസ്ചാന്‍സലര്‍ സര്‍ക്കാരിന് ഫാക്സ് അയച്ചിരുന്നു. പ്രകാശനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ആ ഫയലില്‍ താന്‍ ഒപ്പു വച്ച് മുഖ്യമന്ത്രിക്ക് അയച്ചിരിക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രി പി ജെ ജോസഫ് അതേ ദിവസം പ്രസ്താവിച്ചിരുന്നു.

ഗവര്‍ണര്‍ക്ക് രാജി നല്‍കുന്നതിനു മുമ്പ് മുഖ്യമന്ത്രി ഇ കെ നായനാര്‍ കുടിശിക ഉണ്ടായിരുന്ന ഫയലുകള്‍ മുഴുവന്‍ നോക്കി തീര്‍ത്തിരുന്നു. ഉഷ കേസിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിരുന്നുവെങ്കില്‍ സ്വാഭാവികമായും അതിലും തീര്‍പ്പുണ്ടാകേണ്ടതായിരുന്നു. അടിയന്തിര നടപടി ആവശ്യപ്പെട്ട് വൈസ്ചാന്‍സലര്‍ ഫാക്സ് സന്ദേശം അയച്ച സാഹചര്യത്തില്‍ സെക്രട്ടറിയുടെ ഓഫീസില്‍ തീര്‍പ്പായ ഫയല്‍ കെട്ടിക്കിടക്കാനും ന്യായമില്ല.

എന്നാല്‍, ഇതു വരെ ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്നും നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്ന് പറഞ്ഞ റജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ഇതേപ്പറ്റി കൂടുതല്‍ വിശദീകരണം നല്‍കുന്നുമില്ല.

മെയ് 19 ശനിയാഴ്ച ചേരുന്ന സിണ്ടിക്കേറ്റിന്റെ അജണ്ടയിലും ഈ വിഷയമില്ല. തന്റെ പരാതിയിന്മേല്‍ നടപടി ആവശ്യപ്പെട്ട് പി ഇ ഉഷ ആദ്യം സത്യഗ്രഹ സമരം നടത്തിയിരുന്നു. എന്നാല്‍, ഈ സമരത്തെ അട്ടിമറിക്കാന്‍ സര്‍വകലാശാല എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതി പ്രകാശനും കുടുംബവും സത്യഗ്രഹം ആരംഭിച്ചതോടെ ഉഷ തന്റെ സമരം നിരാഹാരസത്യഗ്രഹമാക്കി.

പ്രശ്നം തങ്ങള്‍ ഏറ്റെടുക്കുമെന്നും ഉഷയ്ക്ക് നീതി ഉറപ്പാക്കുമെന്നുമുള്ള ജസ്റ്റീസ് വി ആര്‍ കൃഷ്ണയ്യരുടെയും മറ്റും ഉറപ്പില്‍ ഉഷ ഒമ്പതു ദിവസം പിന്നിട്ട തന്റെ സമരം മെയ് എട്ടിന് പിന്‍വലിക്കുകയായിരുന്നു.

വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹപ്രവര്‍ത്തകയ്ക്കെതിരേ ജോലിസ്ഥലത്ത് അപവാദ പ്രചാരണം നടത്തിയ പ്രകാശനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സര്‍വകലാശാല അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഹൈക്കോടതി ഈ ഉത്തരവ് സ്റ്റേ ചെയ്തതു കാരണം അക്കാര്യം ചൂണ്ടിക്കാട്ടി അന്നു ചേര്‍ന്ന സിണ്ടിക്കേറ്റ് പ്രകാശനെതിരേയുള്ള നടപടികള്‍ ഒഴിവാക്കുകയായിരുന്നു.

എന്നാല്‍, പിന്നീട് ഹൈക്കോടതി സ്റ്റേ നീക്കിയെങ്കിലും സര്‍വകലാശാല അധികൃതര്‍ നടപടിയൊന്നുമെടുത്തില്ല. തുടര്‍ന്ന് സ്ത്രീവേദി പ്രവര്‍ത്തക വിജയമ്മ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ,പ്രകാശനെതിരേ 10 ദിവസത്തിനകം നടപടിയെടുക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഈ നിര്‍ദ്ദേശമാണ് ഇപ്പോഴും പാലിക്കപ്പെടാതെയിരിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X