ജയ ജനമുന്നണിയിലേക്ക് വരുമെന്ന്
ദില്ലി: ജ്യോതി ബസു നയിക്കുന്ന ജനമുന്നണിയില്‍ ജയലളിതയുടെ അണ്ണാ ഡിഎംകെ അണിചേരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഹാണ് ഇക്കാര്യം സൂചിപ്പിച്ചതെന്ന് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബുദ്ധദേവ് പറഞ്ഞു.
പശ്ചിമബംഗാളിലെയും തമിഴ്നാട്ടിലെയും തിരഞ്ഞെടുപ്പുഫലങ്ങള്‍ ജനമുന്നണിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാക്കള്‍ പ്രചാരണത്തിനെത്തിയിട്ടും പശ്ചിമബംഗാളില്‍ ബിജെപി തോറ്റു. കഴിഞ്ഞ നിയമസഭയില്‍ അവര്‍ക്കുണ്ടായിരുന്ന ഏക എംഎല്‍എയും ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളെ തോല്പിക്കാനായി ബിജെപി പരസ്യമായി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാക്കള്‍ മത്സരിച്ച 10 മണ്ഡലങ്ങളില്‍ ബിജെപിക്ക് സ്വന്തം സ്ഥാനാര്‍ത്ഥി പോലുമില്ലാതിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനോട് സിപിഎം ഒരിക്കലും മൃദുസമീപനം പുലര്‍ത്തിയിട്ടില്ല. മതേതരത്വമൊഴിച്ച് കോണ്‍ഗ്രസിന്റെ എല്ലാ നയങ്ങളെയും തങ്ങള്‍ എതിര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ ഞങ്ങളുടെ കൂടെ സഹകരിപ്പിക്കാനേ ശ്രമിച്ചിട്ടുള്ളൂ. അല്ലാതെ കൂട്ടുകക്ഷിയാക്കിയിട്ടില്ല.
കേന്ദ്രസര്‍ക്കാരുമായി പരമാവധി സഹകരിച്ചുപോകാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍ സംസ്ഥാനത്തെ ഭരണത്തെ തകര്‍ക്കാനാണ് പലപ്പോഴും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications