ചെലവ് ചുരുക്കല്‍ നടപടി സ്വീകരിക്കും
തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തികപ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തില്‍ ചെലവ്ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ആദ്യയോഗം തീരുമാനിച്ചു.
അമിതചെലവുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നതായി മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ എ.കെ.ആന്റണി പറഞ്ഞു. മന്ത്രിമാര്‍ ഉപയോഗിക്കുന്ന രണ്ട് ബെന്‍സ് കാറുകള്‍ ടൂറിസം വകുപ്പിന് തിരികെ നല്‍കും. പുതിയ കാറുകള്‍ വാങ്ങില്ല. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കില്ല. പഴയ കര്‍ട്ടനുകളും കാര്‍പ്പറ്റുകളും തന്നെ മന്ത്രിമന്ദിരങ്ങളില്‍ ഉപയോഗിക്കും.
അടുത്ത മന്ത്രിസഭാ യോഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കുന്നതിനെ കുറിച്ച് വിശദമായി ചര്‍ച്ച നടത്തുമെന്ന് ആന്റണി അറിയിച്ചു.
തന്റെ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്തുണ്ടായ ശിവഗിരി സംഭവങ്ങള്‍ പോലുള്ളവ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്ന് ആന്റണി വ്യക്തമാക്കി. ശിവഗിരി മഠം സര്‍ക്കാര്‍ ഭരണത്തിന്‍ കീഴിലാക്കിയ നടപടി പുന:പരിശോധിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി അത്തരം കാര്യങ്ങള്‍ മന്ത്രിസഭ പൂര്‍ണമായി രൂപം കൊണ്ടതിനു ശേഷമേ ചര്‍ച്ച ചെയ്യുകയുള്ളൂവെന്ന് ആന്റണി വ്യക്തമാക്കി.
മന്ത്രിസഭ ഉടന്‍ തന്നെ വികസിപ്പിക്കും. പുതിയ മന്ത്രിമാര്‍ ആരെന്നതിനെ കുറിച്ച് കേള്‍ക്കുന്ന ഊഹങ്ങള്‍ അടിസ്ഥാന രഹിതമാണ്. അതിനിയും തീരൂമാനിക്കാനിരിക്കുന്നതേയുള്ളൂ.
എല്‍ഡിഎഫ് സര്‍ക്കാരിനെ പോലെ വിദ്വേഷബുദ്ധിയോടെ ആരെയും തേജോവധം ചെയ്യാന്‍ ശ്രമിക്കില്ലെന്ന് ആന്റണി പറഞ്ഞു. മുന്‍മന്ത്രിമാരെ കുറിച്ചുള്ള ആരോപണങ്ങള്‍ വസ്തുതാപരമായും നിയമപരമായും പരിശോധിക്കും.












Click it and Unblock the Notifications