ഗൗരിയമ്മക്ക് ഇത് അഞ്ചാമത്തെ ഊഴം
തിരുവനന്തപുരം: മുഖ്യമന്ത്രി എ.കെ.ആന്റണിയോടൊപ്പം അധികാരമേറ്റ ഘടകക്ഷി നേതാക്കളായ മന്ത്രിമാരില്‍ ഏറ്റവും കൂടുതല്‍ കാലത്തെ രാഷ്ട്രീയപ്രവര്‍ത്തന പാരമ്പര്യവും അനുഭവപരിചയവും അവകാശപ്പെടാനുള്ളത് കെ.ആര്‍.ഗൗരിയമ്മയ്ക്കാണ്.
അഞ്ചാം തവണയാണ് ഗൗരിയമ്മ മുഖ്യമന്ത്രിയാവുന്നത്. സംസ്ഥാനം രൂപം കൊണ്ടതിനു ശേഷം നിലവില്‍ വന്ന ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭയില്‍ തന്നെ അംഗമായിരുന്നു ഗൗരിയമ്മ. പിന്നീട് 1967ലെ ഇഎംഎസ് മന്ത്രിസഭയിലും 1980ലെയും 1987ലെയും നായനാര്‍ മന്ത്രിസഭയിലും അവര്‍ മന്ത്രിയായി.
ജെഎസ്എസ് നിയമസഭാ കക്ഷി നേതാവായ കെ.ആര്‍.ഗൗരിയമ്മയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായിട്ടുള്ള വ്യക്തി. 13,851 ദിവസങ്ങള്‍ ജനപ്രതിനിധിയായിരുന്നിട്ടുള്ള ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിലെ പതിനൊന്നാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഈ വര്‍ഷത്തേത്. 1952ല്‍ ആദ്യമായി ജനപ്രതിനിധിയായ ഗൗരിയമ്മ 1978ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് തോറ്റത്.
1993ല്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗൗരിയമ്മ യുഡിഎഫ് പാളയത്തിലെത്തുന്നത്. സിഎംപി നേതാവ് എം.വി.രാഘവന്‍ മുന്‍കൈയെടുത്ത് രൂപീകരിച്ച ആലപ്പുഴ ജില്ലാ വികസന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതോടെയാണ് ഗൗരിയമ്മ സിപിഎമ്മിന്റെ കണ്ണിലെ കരടായത്. അഭിപ്രായഭിന്നത മൂര്‍ഛിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മ ജെഎസ്എസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും പിന്നീട് യുഡിഎഫിനൊപ്പം ചേരുകയായിരുന്നു.
കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖയായ ഗൗരിയമ്മക്ക് ത്യാഗപൂര്‍ണമായ ഒരു രാഷ്ട്രീയപാരമ്പര്യമാണുള്ളത്. നാല്പതുകളിലും അമ്പതുകളിലും പാര്‍ട്ടിയുടെ വിപ്ലവപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതം വ്യക്തിജീവിതത്തില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. 1957ല്‍ കമ്യൂണിസ്റ് നേതാവ് ടി.വി.തോമസിനെ വിവാഹം ചെയ്ത ഗൗരിയമ്മക്ക് 1964ല്‍ കമ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നതോടെ തന്റെ ദാമ്പത്യജീവിതത്തിന് വിരാമം കുറിക്കേണ്ടിവന്നു. പാര്‍ട്ടിയിലെ പിളര്‍പ്പിനു ശേഷം സിപിഐയില്‍ തുടര്‍ന്ന തോമസുമായി സിപിഎമ്മിലേക്ക് മാറിയ ഗൗരിയമ്മക്ക് അകലേണ്ടി വന്നു.












Click it and Unblock the Notifications