അനുഭവം കൈമുതലായി....
തിരുവനന്തപുരം: ടി.എം.ജേക്കബ് മൂന്നാമത്തെ തവണ മന്ത്രിയായി അധികാരമേറ്റപ്പോള്‍ എം.വി.രാഘവനും പി.കെ.കുഞ്ഞാലിക്കുട്ടിക്കും ഇത് രണ്ടാമത്തെ ഊഴമാണ്.
മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് സി.അച്ചുതമേനോന്‍ ബഹുമതി നല്‍കിയിട്ടുള്ള ടി.എം.ജേക്കബ് ഏഴാമത്തെ തവണയാണ് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1977ലാണ് ജേക്കബ് ആദ്യമായി നിയമസഭാംഗമാവുന്നത്.
1982ലും 1991ലുമാണ് ടി.എം.ജേക്കബ് മന്ത്രിയായത്. 82ല്‍ വിദ്യാഭ്യാസവകുപ്പും 91ല്‍ ജലസേചന വകുപ്പുമാണ് അദ്ദേഹം കൈകാര്യം ചെയ്തത്.
മന്ത്രിയായി രണ്ടാം വട്ടം സത്യപ്രതിജ്ഞ ചെയ്ത രാഘവനായിരിക്കും പ്രതിപക്ഷത്തെ നയിക്കുന്ന സിപിഎമ്മിന്റെ മന്ത്രിസഭയിലെ പ്രധാനശത്രു. 1991ല്‍ രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ സിപിഎമ്മിന് സൃഷ്ടിച്ച പൊല്ലാപ്പുകളാന്നും അവര്‍ക്ക് എളുപ്പം മറക്കാവുന്നതല്ല. കൂത്തുപറമ്പ് വെടിവെപ്പ് സംഭവവും പാപ്പിനിശേരി സ്നേക്ക്പാര്‍ക്ക് തകര്‍ത്ത സംഭവവും സിപിഎമ്മും രാഘവനും തമ്മില്‍ നടന്ന രാഷ്ട്രീയയുദ്ധത്തിന്റെ ഭാഗമായിരുന്നു.
1970ലാണ് രാഘവന്‍ ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് 1977ലും 80ലും 82ലും 87ലും 91ലുും അദ്ദേഹം എംഎല്‍എയായി.
കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി എല്‍ഡിഎഫ് ഭരണകാലത്ത് ഏറെ അപവാദങ്ങള്‍ നേരിടേണ്ടി വന്ന നേതാവാണ്. കോഴിക്കോട് ലൈംഗികാപവാദക്കേസുമായി ബന്ധപ്പെട്ട് ഏറെ ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു കുഞ്ഞാലിക്കുട്ടി.
1982ല്‍ ആദ്യമായി നിയമസഭയിലെത്തിയ കുഞ്ഞാലിക്കുട്ടി തുടര്‍ച്ചയായി മൂന്നാമത്തെ തവണയാണ് മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവാകുന്നത്.












Click it and Unblock the Notifications