സത്യപ്രതിജ്ഞ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: എ. കെ. ആന്റണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി രാജ്ഭവന്‍ വളപ്പില്‍ കൂറ്റന്‍ പന്തല്‍ ഉയര്‍ന്നു. 2000 പേര്‍ക്കിരിക്കാനാണ് ഇവിടെ സൗകര്യമൊരുക്കിയിട്ടുള്ളത്.
ആന്റണിയുടെ നേതൃത്വത്തിലുള്ള എട്ടംഗ മന്ത്രിസഭയിലെ അംഗങ്ങളായി പി. കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്), കെ. എം. മാണി (കേരളാ കോണ്‍ഗ്രസ്), കെ. ആര്‍. ഗൗരിയമ്മ (ജെഎസ്എസ്), ടി. എം. ജേക്കബ് (കേരളാ കോണ്‍ഗ്രസ് ജേക്കബ് ), ബാബു ദിവാകരന്‍ (ആര്‍എസ്പി ബി ), എം. വി. രാഘവന്‍ (സിഎംപി), കെ. ബി. ഗണേശ്കുമാര്‍ (കേരളാ കോണ്‍ഗ്രസ് ബി) എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്യും. മെയ് 17 വ്യാഴാഴ്ച 10. 45നാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ബാബു ദിവാകരനും ഗണേശ്കുമാറും ആദ്യമായാണ് മന്ത്രിപദത്തിലെത്തുന്നത്. ഇന്നു നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ആന്റണിയുടെ ഭാര്യ എലിസബത്തും മക്കളും സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തുമെന്ന് കരുതുന്നു. മന്ത്രിമാരെ ചീഫ് സെക്രട്ടറി കൃഷ്ണമൂര്‍ത്തി പരിചയപ്പെടുത്തും.
എഐസിസി നേതാക്കളായ ഗുലാം നബി ആസാദ്, മോട്ടിലാല്‍ വോറ, മിര്‍സ ഇര്‍ഷാദ് ബേക്ക് എന്നിവരും കെ. കരുണാകരന്‍, കെ. മുരളീധരന്‍, തെന്നല ബാലകൃഷ്ണപിള്ള, വയലാര്‍ രവി, കെ. ശങ്കരനാരായണന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങിനെത്തും. പ്രതിപക്ഷത്തു നിന്ന് സിപിഎം സിപിഐ നേതാക്കളാരും ഉണ്ടാകാന്‍ ഇടയില്ല. മുഖ്യമന്ത്രിയടക്കമുള്ള സിപിഎം നേതാക്കള്‍ ദില്ലിയില്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാലാണ് ചടങ്ങിനെത്താത്തത്. കേന്ദ്ര എക്സിക്യുട്ടീവ് നടക്കുന്നതിനാല്‍ സിപിഐ നേതാക്കളും ദില്ലിയിലാണ്.
പൊതുജനങ്ങള്‍ക്ക് കാണാനായി ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി സ്ഥാപിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് ചടങ്ങ് നടക്കുന്നത്.












Click it and Unblock the Notifications