ഭരണപക്ഷത്തും പ്രതിപക്ഷത്തും സിനിമാക്കാര്‍
മലപ്പുറം: സിനിമാരംഗത്ത് പ്രശസ്തരായ രണ്ടു പേര്‍ 11ാമത് നിയമസഭയില്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തുമായി നിലയുറപ്പിച്ചിരിക്കുന്നു. കേരള കോണ്‍ഗ്രസ് (ബി) സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് നിന്ന് ജയിച്ച കെ.ബി. ഗണേഷ് കുമാര്‍ ഭരണപക്ഷബഞ്ചിലിരിക്കുമ്പോള്‍ മുസ്ലിംലീഗില്‍ നിന്ന് മങ്കട പിടിച്ചെടുത്ത മഞ്ഞളാംകുഴി അലി എന്ന എം.അലി സിപിഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിരിക്കും.
250ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഗണേഷ് കുമാര്‍ കന്നിയങ്കത്തില്‍ത്തന്നെ ജയിച്ചു കയറി മന്ത്രിസ്ഥാനം വരെ എത്തിയിരിക്കുകയാണ്. എന്നാല്‍ ദി കിംഗ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിച്ച എം. അലിയുടെ സ്ഥിതി നേരെ മറിച്ചാണ്. 96ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുസ്ലിംലീഗിലെ കെ.പി.എ. മജീദിനോട് തോല്ക്കാനായിരുന്നു അലിയുടെ വിധി. 2001ല്‍ മജീദ് തന്നെ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ എല്‍ഡിഎഫ് സ്വതന്ത്രനായി അലി വീണ്ടും എത്തി മധുരമായി പകരം വീട്ടുകയും ചെയ്തു.
കൈരളി ടിവിയുടെ പ്രൊമോട്ടര്‍മാരില്‍ ഒരാളും കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്റ ഡയറക്ടര്‍മാരില്‍ ഒരാളുമായ അലി കിംഗിനു പുറമെ ഇലവങ്കോട് ദേശം, പൊന്തന്‍മാട എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ ടി.വി. ചന്ദ്രന്‍ സംവിധനം ചെയ്ത പൊന്തന്‍മാട ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അലിയുടെ ഈ മൂന്നു ചിത്രങ്ങളിലും കൈരളിയുടെ ചെയര്‍മാനായ മമ്മൂട്ടി തന്നെ നായകനായിരുന്നു എന്നത് യാദൃച്ഛികം മാത്രം. സിനിമകള്‍ക്കു പുറമെ ടെലിവിഷന്‍ സീരിയലുകളും അലി നിര്‍മ്മിച്ചിട്ടുണ്ട്.
അതേസമയം എല്‍ഡിഎഫിന്റെ തന്നെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ഗുരുവായൂരില്‍ മത്സരിച്ച സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിന് ഇത്തവണ തോല്വി പിണഞ്ഞു. 96ല്‍ ഇവിടെ ജയിച്ച കുഞ്ഞുമുഹമ്മദിന് ഇത്തവണ പക്ഷേ മുസ്ലിംലീഗിലെ പി.കെ.കെ. ബാവക്കെതിരെ പൊരുതി നില്‍ക്കാനായില്ല.












Click it and Unblock the Notifications