മുനീര്‍, സൂപ്പി, ചെര്‍ക്കളം ലീഗ് മന്ത്രിമാര്‍
തിരുവനന്തപുരം: എ.കെ. ആന്റണി നയിക്കുന്ന യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിംലീഗിന് നാല് മന്ത്രിമാര്‍. ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് പുറമെ ഡോ. എം.കെ. മുനീര്‍, നാലകത്ത് സൂപ്പി, ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ് മന്ത്രിമാരാവുക.
മെയ് 18 വെള്ളിയാഴ്ച യുഡിഎഫ് കണ്‍വീനര്‍ കെ. ശങ്കരനാരായണന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന യുഡിഎഫ് ഘടകകക്ഷിനേതാക്കളുടെ യോഗമാണ് ലീഗിന് നാല് മന്ത്രിസ്ഥാനം നല്‍കാനുള്ള തീരുമാനമെടുത്തത്. തുടര്‍ന്ന് മുസ്ലിംലീഗ് പ്രസിഡണ്ട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിച്ചു.
മുന്‍ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മകനായ മുനീര്‍ ആദ്യമായാണ് മന്ത്രിയാകുന്നത്. 1991ല്‍ കോഴിക്കോട് രണ്ടില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തിയ മുനീര്‍ 96ലും 2001ലും മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് ജയിച്ചത്. ഇപ്പോഴത്തെ സഭയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ ജയിച്ച സ്ഥാനാര്‍ത്ഥിയും മുനീര്‍ തന്നെ.
മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നിന്നാണ് നാലകത്ത് സൂപ്പി തിരഞ്ഞെടുക്കപ്പെട്ടത്. 1970 മുതല്‍ പെരിന്തല്‍മണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സൂപ്പിയാണ്. സൂപ്പിയും ആദ്യമായാണ് മന്ത്രിയാകുന്നത്. തുടര്‍ച്ചയായി നാലാമത് തവണ കാസര്‍കോട്ടെ മഞ്ചേശ്വരത്ത് നിന്ന് ജയിച്ച ചെര്‍ക്കളം അബ്ദുള്ളയും ആദ്യമായാണ് മന്ത്രിയാകുന്നത്.
പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി എ.കെ. ആന്റണിയോടൊപ്പം മെയ് 17 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി മന്ത്രിസഭാംഗമായിരുന്നു. 91ലെ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവരില്‍ പി.കെ.കെ. ബാവ, ഇ.ടി. മുഹമ്മദ് ബഷീര്‍, സി.ടി. അഹമ്മദലി എന്നിവരെ ഇത്തവണ ഒഴിവാക്കി.












Click it and Unblock the Notifications