കള്ള് ഷാപ്പുകള്‍ അബ്കാരികള്‍ വാങ്ങുന്നു
തിരുവനന്തപുരം: സഹകരണസംഘങ്ങള്‍ ലേലത്തില്‍ പിടിച്ചെടുത്ത കള്ള് ഷാപ്പുകള്‍ അബ്കാരികള്‍ വാങ്ങുന്നു. സംഘങ്ങള്‍ തന്നെയാണ് അവ അബ്കാരികള്‍ക്ക് മറിച്ചു വില്‍ക്കുന്നത്.
തിരുവനന്തപുരത്തും എറണാകുളത്തും ഇത്തരത്തിലുള്ള മറിച്ചു വില്‍പ്പന നടന്നു കഴിഞ്ഞു. ഇടതുമുന്നണി സര്‍ക്കാരിന്റെ അബ്കാരി നയത്തിന്റെ ഭാഗമായിട്ടായിരുന്നു കള്ള് ഷാപ്പുകള്‍ സഹകരണസംഘങ്ങള്‍ക്ക് നല്‍കിയത്.
പുതിയതായി അധികാരമേറ്റ് യുഡിഎഫ് സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റം വരുത്തുമെന്നും കള്ള് ഷാപ്പ് നടത്തുന്ന സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുകയും ചെയ്യുമെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് അബ്കാരികള്‍ക്ക് ഷാപ്പുകള്‍ വില്‍ക്കുന്നത്. അവസരം മുതലാക്കി അബ്കാരികളും രംഗത്തെത്തുകയായിരുന്നു.
തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട് റേഞ്ചുകള്‍ പ്രമുഖനായ ഒരു അബ്കാരി പിടിച്ചുകഴിഞ്ഞു. എറണാകുളം ജില്ലയിലെ എറണാകുളം, തൃപ്പൂണിത്തുറ, പറവൂര്‍, ആലുവ റേഞ്ചുകള്‍ ഒരു അബ്കാരി ഗ്രൂപ്പ് വാങ്ങിക്കഴിഞ്ഞു.
10 ലക്ഷം രൂപയ്ക്ക് സര്‍ക്കാരില്‍ നിന്നും വാങ്ങിയ റേഞ്ചുകള്‍ 20 ലക്ഷം മുതല്‍ 30 ലക്ഷം രൂപയ്ക്കാണ് സഹകരണ സംഘങ്ങള്‍ അബ്കാരികള്‍ക്ക് മറിച്ചു വില്‍ക്കുന്നത്. സഹകരണ സംഘങ്ങള്‍ നടത്തുന്ന കള്ള് ഷാപ്പുകള്‍ നഷ്ടത്തിലായിരുന്നു. സര്‍ക്കാര്‍ കിസ്ത് തുക കുറച്ചിട്ടും ഇവയ്ക്ക് യഥാസമയം കിസ്ത് അടയ്ക്കാന്‍ പോലും നിവൃത്തിയില്ലായിരുന്നു. കള്ളില്‍ മായം ചേര്‍ക്കാന്‍ കഴിയാത്തതിനാലാണ് നഷ്ടമുണ്ടായതെന്നാണ് നടത്തിപ്പുകാര്‍ പറയുന്നത്.
അബ്കാരികള്‍ ഏറ്റെടുത്തെങ്കിലും സഹകരണസംഘങ്ങളുടെ മറവിലാണ് ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വന്‍ തുക കൊടുത്ത് വാങ്ങിയ ഷാപ്പുകളില്‍ നിന്നും പരമാവധി ലാഭമുണ്ടാക്കാന്‍ മായം ചേര്‍ക്കലും തകൃതിയായി തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications