ബ്രജേഷ്മിശ്ര ദേശീയസുരക്ഷാഉപദേശകനായി തുടരും
ദില്ലി: ദേശീയസുരക്ഷാ ഉപദേശകസ്ഥാനത്ത് ബ്രജേഷ്മിശ്ര തുടരുമെന്ന് ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി അറിയിച്ചു. മെയ് 23 ബുധനാഴ്ച നടന്ന ദേശീയസുരക്ഷാസമിതി യോഗത്തില്‍ സംസാരിക്കവേയാണ് അദ്വാനി ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തും ബ്രജേഷ് മിശ്ര തുടരുമെന്ന് അദ്വാനി പറഞ്ഞു. തെഹല്‍കാ വിവാദത്തെ തുടര്‍ന്ന് ബ്രജേഷ് മിശ്ര ഈ രണ്ടു സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയും ദേശീയാസുരക്ഷാ സമിതി അധ്യക്ഷന്റെ പദവിയും വേര്‍പ്പെടുത്തണമെന്ന ആവശ്യവും അദ്വാനി നിരസിച്ചു. ഇപ്പോള്‍ രണ്ടു പദവികളും ബ്രജേഷ് മിശ്ര തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല യഥാര്‍ത്ഥ ആവശ്യം വന്നാല്‍ ഈ രണ്ടു പദവികളും വേര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കാര്‍ഗില്‍ വിലയിരുത്തല്‍ സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഏതാനും മന്ത്രിമാരെ അംഗങ്ങളാക്കി ദേശീയ സുരക്ഷാസമിതി രൂപീകരിച്ചത്. ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് കാര്‍ഗില്‍ വിലയിരുത്തല്‍ സമിതി ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications