മദര്‍ തെരേസയെ കുറിച്ച് അത്ഭുതങ്ങള്‍ കണ്ടെത്തി
കൊല്‍ക്കൊത്ത: മാനവസേവയിലൂടെ ഈശ്വരസാക്ഷാത്കാരം നേടിയ മദര്‍ തെരേസയെ കുറിച്ചുള്ള അന്വേഷണങ്ങളില്‍ ചില അത്ഭുതങ്ങള്‍ കണ്ടെത്തിയെന്ന് കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ്പ് ഫാദര്‍ ഹെന്‍റി ഡിസൂസ.
മദറിന് വാഴ്ത്തപ്പെട്ടവളെന്ന പദവി നല്‍കാന്‍ വേണ്ടി വത്തിക്കാനില്‍ നിന്നും കിട്ടിയ നിര്‍ദേശമനുസരിച്ച് നടത്തിയ അന്വേഷണങ്ങളിലാണ് ചില ദിവ്യാത്ഭുതങ്ങള്‍ കണ്ടെത്തിയതെന്ന് ഫാദര്‍ ഡിസൂസ മെയ് 23 ബുധനാഴ്ച അറിയിച്ചു. എന്നാല്‍ മദറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ദിവ്യാത്ഭുതങ്ങളെന്തെന്ന് ഫാദര്‍ വെളിപ്പെടുത്തിയില്ല. വരുന്ന ആഗസ്ത് 15 ന് സെന്റ് മേരീസ് പള്ളിയില്‍ വച്ച് ദിവ്യാത്ഭുതങ്ങളെ പറ്റി പറയുമെന്ന് ഫാദര്‍ അറിയിച്ചു.
മദറിനെ കുറിച്ച് കിട്ടിയ തെളിവുകളും മറ്റു രേഖകളും വത്തിക്കാന് കൈമാറും. ഇവ പരിശോധിച്ച ശേഷമാണ് മദറിന് വാഴ്ത്തപ്പെട്ടവള്‍ എന്ന പദവി നല്‍കുക. സാധാരണഗതിയില്‍ ഒരാളെ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിക്കാന്‍ വത്തിക്കാന്‍ മൂന്ന് വര്‍ഷം വരെ എടുക്കാറുണ്ട്. എന്നാല്‍ മദറിന്റെ കാര്യത്തില്‍ ഇത് വളരെ നേരത്തെയുണ്ടാകുമെന്നും ഫാദര്‍ ഡിസൂസ വ്യക്തമാക്കി.












Click it and Unblock the Notifications