ചാരക്കേസ്: നഷ്ടപരിഹാര ഉത്തരവ് സ്റേ ചെയ്തു
കൊച്ചി: ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റേ ചെയ്തു. കമ്മിഷന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് വിധി.
ചാരക്കേസില്‍ ഉള്‍പ്പെടുത്തി പീഡിപ്പിച്ചുവെന്ന കേസിലാണ് നമ്പിനാരായണന് നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. മാര്‍ച്ച് 14ന് പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ടു മാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നു നിര്‍ദേശമുണ്ടായിരുന്നു.
മനുഷ്യാവകാശ കമ്മിഷന്‍ അധികാരപരിധി ലംഘിച്ചാണ് സര്‍ക്കാരിനോട് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. നഷ്ടപരിഹാരം നല്‍കണമെന്ന് ശുപാര്‍ശ ചെയ്യാമെന്നല്ലാതെ സര്‍ക്കാരിനോട് ഉത്തരവിടാന്‍ കമ്മിഷന് അധികാരമില്ല.
മനുഷ്യാവകാശ ലംഘനം നടന്നതായി ആരോപിക്കപ്പെടുന്ന സംഭവം നടന്നതിനു ശേഷം ഒരു കൊല്ലത്തിനുള്ളില്‍ പരാതി നല്‍കിയിരിക്കേണ്ടതാണ്. എന്നാല്‍ 1994 ല്‍ നടന്ന കേസ് സംബന്ധിച്ച് നമ്പി നാരായണന്‍ പരാതി നല്‍കിയത് 1999ലാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications