ഡ്രൈവിംഗ് ലൈസന്‍സ് വേഗത്തില്‍ നല്‍കും
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍വല്‍ക്കരണം ത്വരിതപ്പെടുത്താനും ലൈസന്‍സ് നല്‍കുന്നത് സുഗമമാക്കാനായി പരീക്ഷാസമ്പ്രദായം മെച്ചപ്പെടുത്താനും തീരുമാനിച്ചതായി ഗതാഗതമന്ത്രി കെ. ബി. ഗണേശ്കുമാര്‍.
വാഹനമോടിക്കാനുള്ള ലൈസന്‍സിനുള്ള അപേക്ഷയും രേഖകളും വാങ്ങി രസീത് നല്‍കിയാല്‍ നിശ്ചിത ദിവസത്തിനകം ലൈസന്‍സ് നല്‍കിയിരിക്കണമെന്ന നിബന്ധന വയ്ക്കുമെന്നും മെയ് 29 ചൊവാഴ്ച കേസരി സ്മാരക ജേര്‍ണലിസ്റ്സ് ട്രസ്റിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി.
ലൈസന്‍സിന് വേണ്ടി ഡ്രൈവിംഗ് സ്കൂളിന് പണം നല്‍കരുത്. അങ്ങനെ കൊടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ തന്നെ അറിയിച്ചാല്‍ മതി. ലൈസന്‍സിംഗ് സമ്പ്രദായം കര്‍ശനമാക്കും. അര്‍ഹതയുള്ളവര്‍ക്ക് മാത്രമേ ഇതു നല്‍കുകയുള്ളു. എല്ലാ ദിവസവും പരീക്ഷയെഴുതാനുള്ള സൗകര്യമുണ്ടാക്കുമെന്നും മന്ത്രി അറിയിച്ചു.
ബസ് ചാര്‍ജ് വര്‍ധന ഇപ്പോഴില്ല
ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുളള നിര്‍ദേശം ഇപ്പോഴില്ല. അത് യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാനോ നിലവിലുള്ളവ വെട്ടിക്കുറയ്ക്കാനോ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.
പെര്‍മിറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രകാരം രാത്രി സര്‍വീസ് നടത്താന്‍ വിസമ്മതിക്കുന്ന സ്വകാര്യബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. തിരുവനന്തപുരം നഗരത്തില്‍ രാത്രി 10 മണിവരെയും എറണാകുളത്ത് രാത്രി 11 മണി വരെയും സര്‍വീസ് നടത്താന്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കിലും എട്ടുമണിയാകുമ്പോള്‍ ഒതുക്കിയിടുകയാണ് പതിവ്. ഈ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് ഗണേശന്‍ പറഞ്ഞു. തിരുവനന്തപുരം നഗരത്തില്‍ മെട്രോ റെയില്‍ ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തും.
റെയില്‍വെ വികസനത്തിന് നടപടികള്‍
സംസ്ഥാനത്ത് റെയില്‍വെ സംവിധാനം മെച്ചപ്പെടുത്തിന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം അടിസ്ഥാനസൗകര്യവികസന കോര്‍പ്പറേഷന്‍ രൂപീകരിക്കും.
ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ച് സംസ്ഥാനത്തെ സമാന്തര സര്‍വീസുകള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കും ഇതെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications