സര്‍ സിപി സ്ഥാനം ആന്റണിക്ക് സര്‍ട്ടിഫിക്കറ്റെന്ന്
തിരുവനന്തപുരം: എ.കെ. ആന്റണി സര്‍ സിപിയെപ്പോലെ പെരുമാറുന്നുവെന്ന കെ. കരുണാകരന്റെ പരാമര്‍ശം ആന്റണിക്കുള്ള സര്‍ട്ടിഫിക്കറ്റാണെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി എംഎല്‍എ.
സര്‍ സിപി ഒരേസമയം നല്ലൊരു ഭരണാധിപനും അടിച്ചമര്‍ത്തുന്ന ഭരണാധികാരിയുമായിരുന്നു. ആന്റണി അടിച്ചമര്‍ത്തുന്ന ഭരണാധികാരിയാണെന്ന് ഒരിക്കലും കരുണാകരന്‍ ഉദ്ദേശിച്ചിരിക്കാന്‍ ഇടയില്ല. ആന്റണി കെപിസിസി പ്രസിഡണ്ടായിരുന്ന കാലഘട്ടത്തിലാണ് ഗ്രൂപ്പ് വഴക്ക് ഏറ്റവും മുര്‍ച്ഛിച്ചിരുന്നത്. അന്ന് ആരെയും അടിച്ചമര്‍ത്തുന്ന ഒരു നടപടിയും ആന്റണി സ്വീകരിച്ചില്ല. ആ സമയത്ത് ആകെ ഒരാളെയാണ് ആന്റണിക്ക് സസ്പെന്‍ഡ് ചെയ്യേണ്ടി വന്നത്. അതും ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു - മെയ് 30 ബുധനാഴ്ച കേസരി ട്രസ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖത്തില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കോണ്‍ഗ്രസിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവാദത്തിനും താനില്ലെന്ന് പറഞ്ഞ് വാര്‍ത്താലേഖകരുടെ ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞുമാറിയ ഉമ്മന്‍ ചാണ്ടി പാര്‍ട്ടിയെ സംബന്ധിക്കുന്ന ഈയൊരു പരാമര്‍ശത്തിനു മുഖാമുഖത്തില്‍ മാത്രമാണ് മറുപടി പറഞ്ഞത്.
മെറിറ്റടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രാദേശികവും സാമുദായികവുമായ പരിഗണനകള്‍ കൂടി കണക്കിലെടുത്തേ മന്ത്രിസഭ രൂപീകരിക്കാനാവൂ. ഇക്കാര്യത്തില്‍ ചില അപാകതകള്‍ വന്നു. കോണ്‍ഗ്രസ് മന്ത്രിമാരില്‍ തൃശൂര്‍ ജില്ലയ്ക്കും വനിതകള്‍ക്കും പ്രാതിനിധ്യം ഇല്ലാതെ പോയതിനെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications