കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനും മുരളിയും ഇടയുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുണ്ടായ സാഹചര്യങ്ങള്‍ കരുണാകരനും കെപിസിസി പ്രസിഡന്റും കരുണാകരന്റെ മകനുമായ മുരളീധരനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നു.

ആന്റണി സര്‍ക്കാരിനോട് മൃദുസമീപനവും ഗ്രൂപ്പിസത്തിനോട് കടുത്ത വിരോധവും മുരളീധരന്‍ പ്രകടിപ്പിച്ചപ്പോള്‍ ആന്റണി സര്‍ക്കാരിനെ വിമര്‍ശിക്കുമെന്ന് കരുണാകരന്‍ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഗ്രൂപ്പ് കളിക്ക് താനില്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി കഴിഞ്ഞു. ജൂണ്‍ അഞ്ചിന് കരുണാകരന്‍ വിളിച്ചുചേര്‍ത്തിട്ടുള്ള ഐ ഗ്രൂപ്പിന്റെ യോഗത്തില്‍ പങ്കെടുക്കില്ലെന്നും കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന് അറുതി വരുത്തുകയെന്നതാണ് കെപിസിസി പ്രസിഡന്റിന്റെ ചുമതലയെന്നും മുരളി പറഞ്ഞത് കരുണാകരനും മുരളിയും തമ്മില്‍ ഇടയുന്നതിന്റെ വ്യക്തമായ സൂചനകളാണ്.

മുരളിയുടെ പ്രസ്താവന വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വീട്ടില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് കരുണാകരന്‍ താന്‍ യുഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതില്‍ മടി കാണിക്കില്ലെന്ന് തുറന്നടിച്ചത്. ജൂണ്‍ അഞ്ചിന് വിളിച്ചു ചേര്‍ത്തിട്ടുള്ള യോഗത്തില്‍ ഡിസിസി പ്രസിഡന്റുമാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കുന്നതിനാല്‍ ഗ്രൂപ്പ് യോഗമെന്ന് പറയാനാവില്ലെന്നാണ് കരുണാകരന്റെ നിലപാട്.

ഇപ്പോഴത്തെ സര്‍ക്കാര്‍ വഴിതെറ്റുകയാണെങ്കില്‍1985ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരായി നടന്ന സമരം പോലെയൊന്ന് നടക്കാനുള്ള സാധ്യതകള്‍ തള്ളാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞിട്ടുണ്ട്. മന്ത്രിസഭാ വികസനത്തില്‍ തൃശൂരിന് പ്രാതിനിധ്യം കിട്ടാത്തതില്‍ കരുണാകരന്‍ അതൃപ്തി പ്രകടിപ്പിച്ചുകഴിഞ്ഞു. തൃശൂര്‍ എന്ന് പറുയുമ്പോള്‍ ന്യായമായും സാവിത്രി ലക്ഷ്മണനായിരിക്കും കരുണാകരന്റെ മനസില്‍.

എന്നാല്‍ മന്ത്രിസഭാ രൂപീകരണവും വകുപ്പ് വിഭജനവും താന്‍ കൂടി പങ്കെടുത്ത പാര്‍ട്ടി കമ്മിറ്റിയിലാണ് തീരുമാനിക്കപ്പെട്ടതെന്നും അതില്‍ പാര്‍ട്ടിക്ക് യാതൊരു അതൃപ്തിയുമില്ലെന്നുമാണ് മുരളി പറഞ്ഞത്.

സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ മുരളീധരന്‍ ഐ ഗ്രൂപ്പില്‍ നിന്ന് മെല്ലെ അകലാന്‍ തുടങ്ങിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്മജയ്ക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നില്‍ മുരളിയാണെന്ന പിന്നാമ്പുറക്കഥകളില്‍ സത്യമുണ്ടെന്ന് കരുണാകരനും അനുയായികളും വിശ്വസിച്ചുതുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X