നിലവിലുള്ള സംവരണരീതി തുടരും: മന്ത്രി
തിരുവനന്തപുരം: പിന്നോക്ക സമുദായങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന് യുഡിഎഫ് ഏതെങ്കിലും സമുദായങ്ങള്‍ക്ക് ഉറപ്പുകൊടുത്തിട്ടുണ്ടെങ്കില്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് നിലവിലുള്ള സംവരണ തത്വം അട്ടിമറിക്കാതെയായിരിക്കുമെന്ന് പട്ടികജാതി- വര്‍ഗ്ഗക്ഷേമമന്ത്രി ഡോ.എം.എ. കുട്ടപ്പന്‍ അറിയിച്ചു.
പട്ടികജാതി-വര്‍ഗ്ഗ ലിസ്റില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ പാര്‍ലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉറപ്പുകൊടുത്തിട്ടുണ്ടെങ്കില്‍പോലും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാനാവില്ല.
പട്ടികവര്‍ഗ ക്ഷേമവകുപ്പില്‍ നടപ്പാക്കിയ അധികാരവികേന്ദ്രീകരണം കാരണം ഡയറക്ടറേറ്റുണ്ടെന്നല്ലാതെ കാര്യങ്ങള്‍ നടക്കുന്നില്ല. 14 ജില്ലാ ഓഫീസുകളിലും വികേന്ദ്രീകരണം നടപ്പാക്കുന്നത് ഗൗരവമായി ആലോചിക്കുമെന്ന് കുട്ടപ്പന്‍ പറഞ്ഞു. പട്ടികജാതി-വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കുടിശിക ലംപ്സം ഗ്രാന്റ് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ പോലും ജൂണ്‍ ആറിനുശേഷം നല്കാന്‍ നടപടി സ്വീകരിക്കും.
ആദിവാസികളിലെ അവിവാഹിതരായ അമ്മമാരെ പുനരധിവസിപ്പിക്കാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. പലര്‍ക്കും പരാതിയില്ലെന്ന സ്ഥിതിയാണിപ്പോള്‍. ആദിവാസി വനിതകളെ ബോധവല്ക്കരിക്കാന്‍ കൂടുതല്‍ നടപടികളെടുക്കും.
പട്ടികവര്‍ഗ്ഗവകുപ്പിലെ ഉദ്യോഗസ്ഥന്മാരില്‍ നല്ല പങ്ക് അഴിമതിയുടെ പേരില്‍ സസ്പെന്‍ഷനിലാണ്. ഇവരെ ബോധവല്ക്കരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനെക്കുറിച്ചാണ് താന്‍ ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദിവാസികളുടെ താല്പര്യം സംരക്ഷിക്കാന്‍ വനംവകുപ്പ് ബാധ്യസ്ഥമാണ്. ആദിവാസികളുടെ നഷ്ടപ്പെട്ട ഭൂമി സംബന്ധിച്ച കോടതിയുത്തരവുകള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications