വീരപ്പനെ പിടിക്കാന്‍ പദ്ധതി
ചെന്നൈ: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പനെ പിടികൂടാന്‍ തമിഴ്നാട് സര്‍ക്കാര്‍ പദ്ധതിയൊരുക്കുന്നു. ഈ ദൗത്യത്തിനായി മുന്‍ ഡിജിപി വാള്‍ട്ടര്‍ ദേവാരത്തെ വീണ്ടും സംസ്ഥാനപൊലീസില്‍ നിയമിച്ചതായി മുഖ്യമന്ത്രി ജയലളിത ജൂണ്‍ ഒന്ന് വെള്ളിയാഴ്ച നിയമസഭയില്‍ അറിയിച്ചു. വീരപ്പനെ പിടിക്കാന്‍ കര്‍ണ്ണാടകത്തിലെയും തമിഴ്നാട്ടിലെയും പ്രത്യേകദൗത്യ സേനകളെ ം ദേവാരം നയിക്കും.
ദേവാരത്തിനു പുറമെ തമിഴ്നാട് ഐജി വിജയകുമാറും ഈ ദൗത്യത്തിന് നേതൃത്വം നല്കും. കഴിഞ്ഞ ജയലളിതയുടെ ഭരണകാലത്ത് ഡിജിപിയായിരുന്ന ദേവാരത്തിന്റെ നേതൃത്വത്തില്‍ വീരപ്പനെ പിടിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ദേവാരത്തിന്റെ കാലത്താണ് വീരപ്പന്‍ സംഘത്തിലെ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടത്. അന്ന് വീരപ്പന്‍ സംഘത്തിലെ 150 പേരും പ്രത്യേക ദൗത്യസേനയിലെ 50 പേരും കൊല്ലപ്പെട്ടു.
വീരപ്പന്‍സംഘത്തിന്റെ എണ്ണം 150 ല്‍ നിന്നും അഞ്ചായി താന്‍ കുറച്ചെന്ന് ദേവാരം അവകാശപ്പെട്ടെങ്കിലും അന്ന് മനുഷ്യാവകാശസംഘടനകള്‍ പ്രത്യേക ദൗത്യസേനയ്ക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. വീരപ്പന്‍ സംഘാംഗങ്ങളെന്ന പേരില്‍ നിഷ്കളങ്കരായ ആദിവാസികളെ വേട്ടയാടുന്നു എന്നതായിരുന്നു പ്രധാനപരാതി.
തുടര്‍ന്ന് കരുണാനിധി ഭരണത്തിലേറിയപ്പോള്‍ ദേവാരത്തിനെ പ്രത്യേകദൗത്യസേനയുടെ ചുമതലയില്‍ നിന്ന് നീക്കുകയായിരുന്നു. പകരം ചെന്നൈ പൊലീസ് കമ്മീഷണറായിരുന്ന കാളിമുത്തുവിനെ ചുമതലയേല്പിച്ചു.












Click it and Unblock the Notifications