സിപിഎം റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി തള്ളി
ദില്ലി: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങളെ കുറിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി തള്ളി.
മെയ് ഒന്ന് വെള്ളിയാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഹ് സുര്‍ജിത്ത് അറിയിച്ചതാണ് ഇക്കാര്യം. എല്‍ഡിഎഫിന്റെ പരാജയത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ മതിയായ കാരണങ്ങള്‍ വിശദീകരിച്ചിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് പിന്നീട് തയാറാക്കി നല്‍കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുര്‍ജിത് അറിയിച്ചു.
സംസ്ഥാന കമ്മിറ്റിയുടെ വിശദീകരണത്തില്‍ കേന്ദ്ര നേതൃത്വം തൃപ്തരല്ല. തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതില്‍ വന്ന വീഴ്ച പരാജയത്തിന് കാരണമായി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും സുര്‍ജിത് വ്യക്തമാക്കി. പരാജയത്തിന് കാരണം സിഐടിയു വിഭാഗം എതിരായതിനാലാണെന്ന് തോന്നുന്നില്ല. എന്നാല്‍ ഇതിനെ കുറിച്ചും അന്വേഷിക്കുമെന്ന് സുര്‍ജിത് പറഞ്ഞു.
സിപിഎം മന്ത്രിമാരുടെ പ്രകടനം പരാജയത്തിന് കാരണമായോ എന്നും അന്വേഷിക്കും. എല്‍ഡിഎഫിന് കിട്ടിയ വോട്ടുകളുടെ ശതമാനത്തിലുണ്ടായിട്ടുള്ള കുറവ് നേതൃത്വം വളരെ ഗൗരവമായിട്ടാണ് കാണുന്നതെന്ന് സുര്‍ജിത് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന നേതാക്കളുടെ ഭിന്നത പ്രകടമായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും മുന്നണിയിലെയും പാര്‍ട്ടിയിലെയും അഭിപ്രായവ്യത്യാസവും പരാജയത്തിന് കാരണമായെന്ന് ചില നേതാക്കള്‍ വാദിച്ചു.
ചില നേതാക്കളുടെ അഹന്തയും മറ്റും കാരണം വിജയിക്കാമായിരുന്ന ചില സീറ്റുകള്‍ പോലും നഷ്ടപ്പെട്ടുവെന്ന് ആരോപണമുയര്‍ന്നു. ഐഎന്‍എല്ലിന് പകരം ലീഗിനെ കൂട്ടാമായിരുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാണിച്ചു.
പരാജയകാരണങ്ങളെ കുറിച്ച് ഘടകക്ഷികളുടെ അഭിപ്രായം മുഖവിലയ്ക്കെടുക്കണ്ടെന്നും സിപിഎം തന്നെ താഴെത്തട്ടില്‍ നിന്നും വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications